വേങ്ങര: പികെ കുഞ്ഞാലിക്കുട്ടി എംപിയായതോടെ ഒഴിവു വന്ന വേങ്ങര നിയോജക മണ്ഡലത്തിൽ കെഎൻഎ ഖാദറിന്റെ സ്ഥാനാർത്ഥിത്വം നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഎ ലത്തീഫിനെ സസ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം കെഎൻഎ ഖാദർ സമ്മർദ്ദം ചെലുത്തി മാറ്റിയതാണെന്ന വാർത്തകൾ തള്ളിയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

“വളരെ ദിവസങ്ങൾക്ക് മുൻപ് തന്നെ കെഎൻഎ ഖാദറിനോട് പേപ്പറുകൾ എല്ലാം ശരിയാക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. മറ്റാരെങ്കിലും സ്ഥാനാർത്ഥിയാകണമോയെന്നും ആലോചിച്ചിരുന്നു. എന്നാൽ കെഎൻഎ ഖാദറിന് തന്നെ സ്ഥാനാർത്ഥിത്വം നൽകാൻ തീരുമാനിച്ചു. എംഎൽഎ സ്ഥാനാർത്ഥിയാവാൻ കെഎൻഎ ഖാദർ സമ്മർദ്ദം ചെലുത്തിയിരുന്നില്ല”, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് കെഎൻഎ ഖാദറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ