കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും. റെയ്ഡ് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിൻ്റെ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും കെ.എം.ഷാജിയെ ചോദ്യം ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വർണത്തിന്റെ ഉറവിടവും വിജിലൻസിന് മുമ്പാകെ കെ.എം.ഷാജിക്ക് കാണിക്കേണ്ടി വരും.
Read More: വള്ളിക്കുന്ന് കൊലപാതകം: മകന്‍ രാഷ്ട്രിയക്കാരനല്ലെന്ന് പിതാവ്; പ്രതിയെ തിരച്ചറിഞ്ഞു
പണത്തിന്റെ രേഖകൾ കയ്യിലുണ്ടെന്നാണ് റെയ്ഡ് കഴിഞ്ഞയുടൻ ഷാജി പറഞ്ഞത്. എന്നാൽ, രേഖകൾ കയ്യിലുണ്ടെങ്കിൽ എന്തുകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അത് ഹാജരാക്കിയില്ലെന്ന് വിജിലൻസ് ചോദിക്കുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകാൻ പോലും അദ്ദേഹത്തെ കണ്ടുകിട്ടുന്നില്ലെന്നും വിജിലൻസ് പറയുന്നു.
കണ്ണൂർ ചാലാടിലെ വീട്ടിൽ ഏപ്രിൽ 12-ന് നടത്തിയ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് അരക്കോടി രൂപയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
പരിശോധനയിൽ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ പിടിച്ചെടുത്തിരുന്നു. 50 ലക്ഷം രൂപയും 400 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന.