കോഴിക്കോട്: ഹൈക്കോടതി വിധിയെ പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കും. താൻ വർഗ്ഗീയ പ്രചരണം നടത്തിയെന്ന് ഏത് തരത്തിലാണ് കോടതിക്ക് ബോധ്യം വന്നതെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി തനിക്ക് അപമാനമാണെന്നും കോടതിയെ തന്‍റെ ഭാഗം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഷാജി പറഞ്ഞു.

വിവാദ പരാമർശമുളള ലഘുലേഖ താൻ പുറത്തിറക്കിയിട്ടില്ലെന്നും ഷാജി പറഞ്ഞു. യുഡിഎഫോ, ലീഗോ, ഞാൻ നേരിട്ടോ അത്തരമൊരു ലഘുലേഖ ഇറക്കിയിട്ടില്ല. ഇത്തരത്തിലൊരു ലഘുലേഖ പുറത്തിറക്കാനുളള വിവരക്കേട് എനിക്കില്ല. മണ്ഡലത്തിലെ ഒരു വ്യക്തി പോലും ആ നോട്ടീസ് കണ്ടിട്ടില്ല. 20 ശതമാനം മാത്രം മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ലെന്നും ഷാജി പറഞ്ഞു.

‘വിധി രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയം’; തുടര്‍നടപടികള്‍ വിധി പഠിച്ച ശേഷമെന്നും നികേഷ് കുമാര്‍

അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി.

കെ.എം.ഷാജി അയോഗ്യനായതോടെ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും 2100 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ