കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. അഴീക്കോട് സ്‌കൂൾ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും നടക്കുകയാണ്. ഇതോടെ എംഎൽഎ കൂടുതൽ പ്രതിസന്ധിയിലായി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവ് പ്രകാരം സ്‌പെഷൽ സെൽ എസ്‌.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്വത്ത് വിവരം സംബന്ധിച്ച് പൂര്‍ണമായ രേഖകള്‍ ശേഖരിച്ചിട്ടാകും ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കുക.

Read Also: ജനരോഷം ഇരമ്പി, സർക്കാർ വഴങ്ങി; കർഷക പ്രതിഷേധം തുടരുന്നു

ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകള്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് വിജിലൻസ് ആവശ്യപ്പെട്ടു. ബാങ്ക് ഇടപാടുകള്‍ വിജിലന്‍സ് സംഘം നേരിട്ട് പരിശോധിക്കും. ഒരുമാസത്തിനുള്ളില്‍ ഷാജിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. പ്രഥമ ദൃഷ്ടാ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയെ സമീപിച്ച അഭിഭാഷകന്‍ ഹരീഷിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഷാജിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതെന്ന് ഹര്‍ജിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കിൽപ്പെടാത്ത ലക്ഷങ്ങൾ ചെലവഴിച്ചു, വിദേശത്തു നിന്ന് വരെ നിയമപരമല്ലാത്ത രീതിയിൽ ധനസഹായം ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ഹർജിയിൽ ആരോപിക്കുന്നുണ്ട്.

അതേസമയം, അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് ഷാജി ആവർത്തിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.