കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം നേർച്ചപ്പെട്ടിയിൽ ഇടുന്ന പൈസയല്ലെന്ന് മുസ്ലിംലീഗ് നേതാവും എംഎല്‍എയുമായ കെ.എം.ഷാജി. “സർക്കാരിന് കൊടുക്കുന്ന പൈസയാണ്. ശമ്പളമില്ലാത്ത എംഎൽഎയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി. അതേപ്പറ്റി ചോദിക്കുന്നതാണോ തെറ്റ്. സഹായം നൽകിയാൽ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റ്. കണക്ക്​ ചോദിക്കാതിരിക്കാൻ ഇത്​ കമ്യൂണിസ്​റ്റ്​ രാജ്യമല്ല,” കെ.എം.ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു എംഎൽഎ പറഞ്ഞു.

“പ്രളയഫണ്ട്​ സർക്കാർ ദുരുപയോഗം ചെയ്​തു. പ്രളയ ഫണ്ടിലെ 8000 കോടി രൂപയില്‍ ചെലവഴിച്ചത്​ 3000 കോടി രൂപ മാത്രമാണ്​. ആയിരം കോടിയോളം രൂപ പ്രളയവുമായി ബന്ധമില്ലാത്ത ഗ്രാമീണ റോഡുകൾ നന്നാക്കാനാണ്​ ഉപയോഗിച്ചത്​. 46 കോടി രൂപ വഴിമാറ്റി ചെലവഴിച്ചതിന്​ ലോകായുക്​തയില്‍ കേസ്​ നടക്കുന്നുണ്ട്​. ദുരിതാശ്വാസ ഫണ്ടിൽനിന്ന്​ സിപിഎം നേതാക്കളുടെ ബാങ്കിലെ കടം തീർക്കാൻ വരെ പണം ഉപയോഗിച്ചിട്ടുണ്ട്. സിപിഎം എംഎൽഎയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും 25 ലക്ഷം രൂപ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ നിന്നാണ് വരുന്നത്. എ​നിക്ക്​ വികൃത മനസ്സാണോ​യെന്ന്​ നാട്ടുകാരാണ്​ തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയല്ല,” അദ്ദേഹം പറഞ്ഞു.

Read Also: Covid-19 Live Updates: മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ഭേദമായി

“പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. എല്ലാ നേട്ടങ്ങളുടെയും പിതൃത്വം ഏറ്റെടുക്കാനാണ്​ അദ്ദേഹത്തിന്റെ ശ്രമം. ഒരുപാട്​ കാലത്തെ രാഷ്​ട്രീയ പ്രകിയകളുടെ ഫലമാണ്​ കേരളത്തിന്​ ഇന്നുണ്ടായ നേട്ടങ്ങൾ. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. സംസ്​ഥാനം ഇത്ര വലിയ ദുരന്തത്തിന്​ മുന്നിൽ നിൽക്കു​മ്പോൾ പണം അടിച്ചുമാറ്റുന്നത്​ നല്ലതാണോ,” എംഎൽഎ ചോദിച്ചു.

കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് കെ.എം.ഷാജി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു മുഖ്യമന്ത്രി എംഎൽഎയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ശുദ്ധനുണ പറഞ്ഞ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിച്ചത്,” ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.