കോഴിക്കോട്: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് എംഎൽെ കെ.എം ഷാജിയെ എൻഫോഴ്സ്മെന്റ് 14 മണിക്കൂർ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടരും. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകേണ്ടതായുണ്ട്. അത് ഇന്നത്തെ ചോദ്യം ചെയ്യലിൽ പറയുമെന്നും ചൊവ്വാഴ്ച ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തിറങ്ങിയ കെഎം ഷാജി എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ രേഖകളും ഇ.ഡിയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ മറുപടി നൽകേണ്ട ബാധ്യത തനിക്കുണ്ടെന്നും കെഎം ഷാജി പറഞ്ഞു. മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപരമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളിൽ ഇനി ഏതാണ് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കെഎം ഷാജി പറഞ്ഞു.
കോഴിക്കോട് ഇഡി ഓഫീസിൽ ഹാജരായിയി. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. ഷാജി അടക്കം 30 പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ നല്കിയ മൊഴിയിൽ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയില്‍ പറഞ്ഞു.
ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്.