കോഴിക്കോട്: ലീഗ് എംഎൽഎ കെ.എം.ഷാജിയുടെ കോഴിക്കോട് മലൂർകുന്നിലെ വീടിന് 1.60 കോടി രൂപയുടെ മൂല്യമുണ്ടെന്ന് കോർപ്പറേഷൻ. വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനു കെെമാറി. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭ ടൗൺ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥൻ എ.എം.ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് കൈമാറിയത്.
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് നഗരസഭ ഉദ്യോഗസ്ഥർ ഷാജിയുടെ വീടും സ്ഥലവും അളന്നത്. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമിച്ചതാണെന്നാണ് കണ്ടെത്തൽ. 2,200 ചതുരശ്ര അടി അധിക നിർമാണത്തിൽ ഉൾപ്പെടും. ഷാജി അപേക്ഷിച്ചത് 3,200 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള വീടിനാണെന്നും എന്നാൽ, നിർമ്മിച്ചത് 5,450 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള വീടാണെന്നും കോർപ്പറേഷൻ കണ്ടെത്തി.
Read Also: മമതയോടെ കൈ കൊടുക്കാം; ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒന്നിക്കുമ്പോൾ
ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ.എം.ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയതായി നോട്ടീസിൽ പറയുന്നു. മുൻസിപ്പാലിറ്റി ആക്‌ടിനും മറ്റു ചട്ടങ്ങൾക്കും വിരുദ്ധമായിട്ടാണ് വീട് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയാണ് നടപടി.
കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഷാജിയുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു. പ്ലസ് ടു കോഴക്കേസ് ഇഡിയുടെ അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന നടക്കുമ്പോൾ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. പരിശോധനയുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടില്ല.
Read Also: എല്ലാവരും ഇവിടെ തന്നെ കാണണം’ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയാറെന്ന് കെ എം ഷാജി
ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്. ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നവംബർ പത്തിനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ഷാജി അടക്കം 30 പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.