കൊച്ചി: ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎൽഎയും ലീഗ് നേതാവുമായ കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഹൈക്കോടതി കെഎം ഷാജിക്ക് എതിരായ വിധിയിൽ സ്റ്റേ അനുവദിച്ചതിന്റെ വിധി പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത്.

ഇന്നത്തോടെ സ്റ്റേ അനുവദിച്ചതിന്റെ കാലാവധി പൂർത്തിയായി. ഈ സാഹചര്യത്തിൽ ഇനി സഭയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. അദ്ദേഹം തന്നെ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞു. ഈ മാസം 27 മുതലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാവും സ്പീക്കറുടെ തീരുമാനം.

വാക്കാലുളള കോടതി ഉത്തരവുകൾ പാലിക്കേണ്ട ബാധ്യത സ്പീക്കർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും തുടർച്ചയായി രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്. 2011 ലാണ് സി പി എമ്മിന്റെ കുത്തക സീറ്റായിരുന്ന അഴീക്കോട് മുസ്‌ലിം ലീഗ് പിടിച്ചെടുത്തത്. സി പി എമ്മിലെ സിറ്റിങ് എം എൽ എയായിരുന്ന എം. പ്രകാശനെ തോൽപ്പിച്ചാണ് 2011ൽ ഷാജി അഴീക്കോട് സീറ്റിൽ വിജയിച്ചത്. 2016 ൽ രണ്ടാം തവണ വീണ്ടും മത്സരിച്ച ഷാജി അഴീക്കോട് മണ്ഡലത്തിൽ വീണ്ടും ജയിച്ചു. അന്ന് മാധ്യമപ്രവർത്തകനും സിഎംപി സ്ഥാപകൻ എംവി രാഘവന്റെ മകനുമായ നികേഷ് കുമാറായിരുന്നു എതിരാളി.

തിരഞ്ഞെടുപ്പിൽ വർഗ്ഗീയ ധ്രുവീകരണം നടന്നുവെന്ന് കാട്ടി നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. നികേഷ് കുമാറിന് അനുകൂലമായിരുന്നു വിധിയെങ്കിലും അദ്ദേഹത്തെ വിജയിയായി കോടതി പ്രഖ്യാപിച്ചില്ല. പകരം തിരഞ്ഞെടുപ്പ് നടത്താനാണ് കോടതി ഉത്തരവിട്ടത്. ആറ് വര്‍ഷത്തേക്കാണ് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ അയോഗ്യത കൽപ്പിച്ചത്. കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ഷാജി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി പ്രഖ്യാപിച്ച അന്ന് തന്നെ കെഎം ഷാജിക്ക് സ്റ്റേയും അനുവദിച്ചതായി വാർത്ത വന്നിരുന്നു. രണ്ടാഴ്ചത്തേക്കായിരുന്നു സ്റ്റേ. എന്നാൽ രണ്ടാഴ്ച ഇന്നത്തോടെ പൂർത്തിയായി. സ്റ്റേ അനുവദിച്ച വിധിപകർപ്പ് സഭ അദ്ധ്യക്ഷനായ സ്പീക്കർക്ക് നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ