ന്യൂഡൽഹി: കെ.എം.ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി. എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയില്ലെന്ന് ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. വാക്കാലുളള നിരീക്ഷണമാണ് ചീഫ് ജസ്റ്റിസ് ബഞ്ച് നടത്തിയത്.

തന്നെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി നാളെ അവസാനിക്കുമെന്നും അതിനാൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്നുമായിരുന്നു ഷാജിയുടെ അഭിഭാഷകന്റെ ആവശ്യം. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഇത് അംഗീകരിച്ചില്ല. ഹർജികൾ അതിന്റെ മുറയ്ക്ക് മാത്രമേ പരിഗണിക്കാനാവൂവെന്ന് ബഞ്ച് വ്യക്തമാക്കി.

എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അയോഗ്യനാക്കിയ അതേ ബെഞ്ചില്‍ തന്നെ ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ അനുവദിച്ചത്. കര്‍ശന ഉപാധികളോടെ 14 ദിവസത്തേക്കായിരുന്നു സ്‌റ്റേ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശം നല്‍കുന്നതിനാണ് സ്റ്റേ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.