കൊച്ചി: അഴീക്കോട് എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കാന്‍ ഇടയായ ലഘുലേഖകള്‍ പൊലീസ് കണ്ടെടുത്തതല്ലെന്ന് ചൂണ്ടിക്കാണിച്ച് കെ.എം.ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന് കാരണമായ വര്‍ഗ്ഗീയതയുളള ലഘുലേഖകള്‍ പൊലീസ് കണ്ടെടുത്തതല്ലെന്നും പൊലീസ് വ്യാജ തെളിവുണ്ടാക്കുകയായിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നു. വളപട്ടണം എസ്‌ഐയായിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ് ഷാജി കോടതിയെ സമീപിച്ചത്.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായ മനോരമയുടെ വീട്ടില്‍ നിന്നുമാണ് വര്‍ഗ്ഗീയതയുള്ള ലഘുലേഖകള്‍ കണ്ടെത്തിയതെന്നായിരുന്നു പൊലീസ് മൊഴി. എന്നാല്‍ ലഘുലേഖ വ്യാജമാണെന്നും സിപിഎം നേതാവാണ് അത് പൊലീസിന് എത്തിച്ചു നല്‍കിയതെന്നും ഷാജി പറയുന്നു. ഇത് തെളിയിക്കുന്ന രേഖകളും ഷാജി കോടതിയില്‍ സമര്‍പ്പിച്ചു.

മനോരമയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും കണ്ടെത്തിയ വസ്തുക്കളുടെ പട്ടികയില്‍ വര്‍ഗ്ഗീയതയുള്ള ലഘുലേഖയില്ലെന്നാണ് ഷാജി ഹര്‍ജിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച രേഖകളാണ് ഷാജി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. അതേസമയം, കേസ് അന്വേഷിച്ച വളപട്ടണം എസ്ഐ ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പ്രസംഗിച്ചെന്ന പരാതിയില്‍ കെ.എം.ഷാജിക്കെതിരെ കേസെടുത്തു.

കഴിഞ്ഞദിവസം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. കേസിലെ ഔദ്യോഗിക സാക്ഷികളായ കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി.ഷാജു, ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സംസാരിച്ചെന്നാണ് ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ