തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ സഹായിച്ചതിന് തടവിലായ കെ.എം.ഷാജഹാനെ സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽനിന്നു സസ്പെൻഡ് ചെയ്തു. 48 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞെന്ന കാരണം ആരോപിച്ചാണ് സസ്പെൻഷൻ. കേരള സർവീസ് റൂൾസ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

സർക്കാർ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വന്നാൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാമെന്നാണ് നിയമം. മഹജിയ്ക്കൊപ്പം ഡിജിപി ഓഫിസിനു മുന്നിൽ സമരത്തിനെത്തിയതിന്റെ പേരിൽ അറസ്റ്റിലായ നാലുപേരെ തിരുവനന്തപുരം കോടതി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇന്ന് രാത്രി എട്ടുമണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. എസ്‌യുസിഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, പ്രവർത്തകനായ ശ്രീകുമാർ, തോക്കു സാമി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

അതേസമയം, കെ.എം.ഷാജഹാന്റെ കസ്റ്റഡി അപേക്ഷ കോടതി തളളി. ഷാജഹാനെ ജയിലിൽ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് കൂടുതൽ സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. അഞ്ചുപേരുടെയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

മഹിജയ്ക്കൊപ്പം സമരവേദിയിലെത്തിയതിന്റെ പേരിൽ അറസ്റ്റിലായ എസ്‌യുസിഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, പ്രവർത്തകനായ ശ്രീകുമാർ എന്നിവരെ മോചിപ്പിക്കാൻ ധാരണയായിരുന്നു. മഹിജയുടെ ബന്ധുക്കളും സർക്കാരും തമ്മിലേർപ്പെട്ട കരാറിറിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്. ഷാജർഖാനും മറ്റും തങ്ങൾക്ക് എല്ലാ പിന്തുണയും നൽകിവന്നവരാണെന്നും തങ്ങൾ ആവശ്യപ്പെട്ടിട്ടാണ് അവർ സമരവേദിയിലെത്തിയതെന്നും മഹിജ പറഞ്ഞിരുന്നു. അവരെ മോചിപ്പിക്കണം എന്ന ആവശ്യം അംഗീകരിച്ചതായി സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹനും അറിയിച്ചിരുന്നു.

സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിൽ അടച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.