scorecardresearch
Latest News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

എറണാകുളം കടവന്ത്ര കെപി വള്ളോൻ റോഡിലെ വീട്ടിൽ വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. എറണാകുളം കടവന്ത്ര കെപി വള്ളോൻ റോഡിലെ വീട്ടിൽ വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.

സംസ്കാരം നാളെ രാവിലെ 10.30ന് സംസ്ഥാന സർക്കാരിന്റെ ബഹുമതികളോടെ തേവര സെന്റ് ജോസഫ് പള്ളി (നൊവേന പള്ളി)യിൽ. സർക്കാരിനു വേണ്ടി കലക്ടർ പുഷ്പചക്രം സമർപ്പിക്കും.

ഇംഗ്ലിഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരു പോലെ തിളങ്ങിയ കെഎം റോയ് രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. നാലു തവണ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു.

മത്തായി മാഞ്ഞൂരാന്റെ പത്രമായ കേരള പ്രകാശത്തിൽ സബ്എഡിറ്ററായാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരിക്കെ 1961ലായിരുന്നു ഇത്.

കേരള പ്രകാശത്തിലെ ലേഖനങ്ങളിലൂടെ അതിവേഗം ശ്രദ്ധ നേടി. ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, മംഗളം ദിനപത്രങ്ങളിലും വാര്‍ത്താഏജന്‍സിയായ യുഎന്‍ഐയിലും പ്രവര്‍ത്തിച്ചു. മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കെ 2002ലാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ചത്.

കോളമിസ്റ്റ് എന്ന നിലയിലും തിളങ്ങിയ അദ്ദേഹം മംഗളം വാരികയില്‍ ‘ഇരുളും വെളിച്ചവും’ എന്ന പേരില്‍ എഴുതിയ പംക്തി ഏറെ ശ്രദ്ധ നേടി. രണ്ടു പതിറ്റാണ്ടിലേറെയായി ഈ പക്തി എഴുതി. മലയാളത്തിലും വിദേശരാജ്യങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതി.

Also Read:‘ഡാ മമ്മൂട്ടി’ എന്നു വിളിക്കാന്‍ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍; അന്തരിച്ച കെ.ആര്‍.വിശ്വംഭരനെ അനുസ്മരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇരുളും വെളിച്ചവും, കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാന്‍, മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദുഖം, മനസിൽ മഞ്ഞുകാലം, ആഥോസ് മലയിൽ, ഷിക്കോഗോയിലെ കഴുമരങ്ങൾ, കറുത്ത പൂച്ചകൾ, ചുവന്ന പൂച്ചകൾ, മേഘമേലാപ്പിലൂടെ നീണ്ടയാത്രകൾ, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, അയോധ്യയിലെ ശ്രീരാമൻ ഒരു പോസ്റ്റ് മോർട്ടം, ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്‌സെ.

ബാബറിമസ്ജിദ് തകർത്തതിനെ രൂക്ഷമായി വിമർശിച്ച് മംഗളം ദിനപത്രത്തിൽ എഴുതിയ എഡിറ്റോറിയലിനു 1993ൽ മുട്ടത്തു വർക്കി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, ശിവറാം പുരസ്കാരം, അമേരിക്കൻ ഫൊക്കാന പുരസ്കാരം, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം, സ്വദേശാഭിമാനി-കേസരി പുരസ്കാരം എന്നിവ നേടി.

മികച്ച പ്രസംഗകനെന്ന നിലയില്‍ ശ്രദ്ധ നേടിയ അദ്ദേഹം കേരള പ്രസ് അക്കാദമി ഉള്‍പ്പടെയുള്ള ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അധ്യാപകനുമായിരുന്നു.

എറണാകുളം കരീത്തറ വീട്ടില്‍ കെആര്‍ മാത്യുവിന്റെയും ലുഥീനയുടെയും മകനായി 1939ൽ കോന്തുരുത്തിയിലായിരുന്നു ജനനം. കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥ ലീലയാണ് ഭാര്യ. മക്കൾ: അഡ്വ. മനു റോയ്, സ്വപ്‌ന റോയ്. മരുമക്കൾ: ദീപ (അധ്യാപിക, സെന്റ് ജോസഫ്‌സ് കോളജ് തോപ്പുംപടി), ലെസ്ലി ജോൺ പീറ്റർ (ബിസിനസ്).

കെ എം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പല പതിറ്റാണ്ടുകൾ ഇംഗ്ലിഷ്, മലയാള പത്രപ്രവർത്തനത്തിനു  കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും  സംശുദ്ധി നിലനിർത്തണമെന്ന കാര്യത്തിൽ നിഷ്കർഷ ഉണ്ടായിരുന്ന കെ. എം റോയ്, തന്റെ  ആ നിലപാട് എഴുത്തുകളിൽ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാർഗനിർദ്ദേശമാവുകയും ചെയ്തുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also Read: കോവിഡാനന്തര വിദ്യാഭ്യാസം: കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നു മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Km roy passes away