scorecardresearch

Latest News

കെ എം മാണി: റെക്കോര്‍ഡുകളുടെ തോഴൻ

കൈവച്ച മേഖലയിലൊന്നും മാണിയെ അത്ര പെട്ടെന്നാര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് കാലം തെളിയിച്ചു

തകര്‍ക്കാന്‍ കഴിയാത്ത ഒട്ടേറെ റെക്കോര്‍ഡുകളുടെ ഉടമയാണ് കെ.എം.മാണി. ദേശീയ രാഷ്ട്രീയത്തിലേക്ക് പോലും കടക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചുനിന്ന അരനൂറ്റാണ്ട് കൊണ്ടാണ് മാണി ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് അഭിഭാഷകനായി ജോലി ചെയ്ത കാലത്തെക്കുറിച്ച് മാണി പറയാറുണ്ട്, ഏറ്റെടുത്ത കേസുകളൊന്നും തോറ്റിട്ടിട്ടില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ മാണിക്ക് കരുത്തായതും ഈ മനോഭാവം തന്നെയാണ്, എവിടെയാണെങ്കിലും ജയിക്കുക തന്നെ വേണം. കൈവച്ച മേഖലയിലൊന്നും മാണിയെ അത്ര പെട്ടെന്നാര്‍ക്കും തോല്‍പിക്കാനാവില്ലെന്ന് കാലം തെളിയിച്ചു.

ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്, ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്, ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ പങ്കാളിയായത്, ഏറ്റവും കൂടുതല്‍ നാള്‍ മന്ത്രിയായിരുന്നത്, ഏറ്റവും കൂടുതല്‍ തവണ ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്, ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തത്, ഏറ്റവും കൂടുതല്‍ തവണ ഒരേ വകുപ്പ് കൈകാര്യം ചെയ്തത് ഇങ്ങനെ രാഷ്ട്രീയത്തിലും ഭരണത്തിലും പൊതുജീവിതത്തിലും മാണി സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ ഏറെക്കാലം തുടരുമെന്ന് ഉറപ്പ്.

Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി

1964ലാണ് പാലാ മണ്ഡലം രൂപീകരിക്കുന്നത്. 1965മുതല്‍ പതിമൂന്ന് തവണയും പാലായെ പ്രതിനിധീകരിച്ച് കെ.എം.മാണിയല്ലാതെ ആരും നിയമസഭയിലെത്തിയിട്ടില്ല. പാലായിലേക്ക് വികസനപദ്ധതികള്‍ വഴി തിരിച്ചുവിടുന്നുവെന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മാണി ഒരിക്കലും ചെവികൊടുക്കാറില്ലായിരുന്നു. ധനവകുപ്പിന് പുറമെ നിയമം, വൈദ്യുതി, ജലസേചന, റവന്യൂ എന്നിങ്ങനെ പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ബജറ്റുകള്‍

1976ലെ ആദ്യബജറ്റ് മുതല്‍ ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുമ്പോള്‍ 2015ല്‍ സാങ്കേതികമായി അവതരിപ്പിച്ച ബജറ്റുള്‍പ്പെടെ 13 ബജറ്റുകളാണ് മാണി അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ് ഈ നേട്ടം. മാണിയുടെ പല ബജറ്റുകളും ചരിത്രത്തിലിടം നേടി. സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, 1976 മാര്‍ച്ച് 19നാണ് ആദ്യബജറ്റ് അവതരിപ്പിക്കുന്നത്. നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത്, 1980-81 ബജറ്റിലാണ് കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കൊണ്ടുവന്നത്. 1986-87ല്‍ 15 കോടിയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച മാണി കടത്തിന്‍റെ കണക്ക് മറച്ചുവച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമാക്കി. ഒരേ സമയം മിച്ചവും കമ്മിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ മാണിയെ ന്യായീകരിച്ചെങ്കിലും പിന്നീട് കരുണാകരനു തന്നെ മാണിയെ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു.  പകരം തച്ചടി പ്രഭാകരനാണ് ധനമന്ത്രിയായത്.

പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയതും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്നതുമൊക്കെ മാണി 2012ല്‍ അവതരിപ്പിച്ച ബജറ്റിലാണ്. എന്നാല്‍ ഇതുസംബന്ധിച്ചൊന്നും ബജറ്റ് പ്രസംഗം വായിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല. പിന്നെ വിവാദം ആളിക്കത്തിയപ്പോള്‍ ക്ഷീണം കൊണ്ട് വായിക്കാന്‍ മറന്നതാണെന്നായിരുന്നു വിശദീകരണം. 2015ല്‍ പതിമൂന്നാം നിയമസഭയില്‍ മാര്‍ച്ച് 13ന് മാണി അവതരിപ്പിച്ച പതിമൂന്നാമത്തെ ബജറ്റാണ്, നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയത്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുമ്പോള്‍ അവതരിപ്പിച്ച ആ ബജറ്റ് കയ്യാങ്കളിയിലെത്തി. ക്ഷേമപെന്‍ഷനുകള്‍ കേരളത്തിന് പരിചയപ്പെടുത്തിയത് മാണിയാണ്. താങ്ങുവില നല്‍കി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് തുടങ്ങിയതും റബ്ബറിന്‍റെ വില സ്ഥിരതാപദ്ധതിയുമെല്ലാം മാണിയുടെ ആവിഷ്കാരങ്ങളാണ്. അവതരിപ്പിച്ചതിൽ മികച്ച പദ്ധതിയായി മാണി എപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത് കാരുണ്യ ബെനവലന്‍റ് പദ്ധതിയായിരുന്നു.

ഉപനിഷത്തുകളും, മഹാകവികളുടെ കവിതാശകലങ്ങളുമൊക്കെ ചേര്‍ത്തായിരുന്നു മാണി ബജറ്റുകള്‍ തയ്യാറാക്കിയിരുന്നത്. 2011 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളില്‍ ഋഗ്വേദവും, ഇടശ്ശേരിയുടെ കവിതയും, ഭഗവത്ഗീതയുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്.

ബജറ്റ് അവതരണത്തില്‍ സാഹിത്യം സ്ഥിരമായി കടന്ന് കൂടിയിട്ട് പത്തുവര്‍ഷത്തിലേറെയായിട്ടില്ല. തോമസ് ഐസക്കാണ് 2008 മുതല്‍ മലയാള സാഹിത്യം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ തുടങ്ങിയത്. മലയാളത്തില്‍ മുങ്ങിത്തപ്പിയ തോമസ് ഐസക്കിന് സംസ്കൃത പാണ്ഡിത്യം കൊണ്ടാണ് തന്‍റെ ഊഴം വന്നപ്പോള്‍ മാണി മറുപടി നല്‍കിയത്. അതാണ് മാണി, എതിരാളികളെ ഒരുപടി കൂടി കടന്ന് തോല്‍പിക്കാനാണ് മാണി എപ്പോഴും ശീലിച്ചിട്ടുളളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Km mani unmatched records mla budget presentations portfolios kerala congress