കോട്ടയം: എല്ലാവരോടും മൃദുസമീപനമാണെന്നും അത് ബിജെപിയോടും ഉണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി. കഴിഞ്ഞ ദിവസം ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ വേദിപങ്കിട്ടതിനെ കുറിച്ചുളള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്നതിനായി ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് മാണി പങ്കെടുത്തത്. കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. ഈ ചടങ്ങിനെ കുറിച്ചാണ് ബിജെപിയോടുളള മാണിയുടെ നിലപാടിനെ കുറിച്ച് ചോദ്യമുയര്‍ന്നത്.

വേദിലെത്തിയ അദ്ദേഹത്തെ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കി സംഘാടകര്‍ സ്വീകരിച്ചതും ചര്‍ച്ചയായി മാറിയിരുന്നു. ഇതുവരെ റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണെന്നും എന്നാല്‍ ഇത്തവണ ലഭിച്ചത് താമരപ്പൂക്കള്‍കൊണ്ടാണെന്നും മാണി അന്ന് എടുത്തു പറഞ്ഞിരുന്നു.

യുഡിഎഫ് വിട്ട് കെ.എം മാണിയെ ബിജെപി മുന്നണിയിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹം ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത്. മാണി ബിജെപിയിലേക്ക് ചേക്കേറുമെന്ന ഊഹോപോഹങ്ങള്‍ക്കിടെയാണ് ബിജെപിയോടും തനിക്ക് മൃദുസമീപനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ