കോട്ടയം: വീക്ഷണത്തിന് ഇടിവ് സംഭവിച്ചെന്ന് കെ.എം.മാണി. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വീക്ഷണം ഓരോന്ന് എഴുതുന്നത്. വീക്ഷണം തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും മാണി പറഞ്ഞു. നേരത്തെ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സനും വീക്ഷണത്തിലെ മുഖപ്രസംഗത്തെ തളളിയിരുന്നു. മുഖപ്രസംഗത്തിലെ അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസ്സൻ പറഞ്ഞു.

കെ.എം.മാണിയെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു വിക്ഷണം പത്രത്തിലെ മുഖപ്രസംഗം. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ്. കെ.എം.ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. യുഡിഎഫ് നൂറു തവണ തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്നും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു. യുഡിഎഫിൽനിന്നുകൊണ്ട് മാണി ശ്രമിച്ചത് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രി ആകാനാണ്. മാണി സത്യസന്ധതയും മര്യാദയും തൊട്ടു തീണ്ടിയിട്ടില്ലത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തോലൻ ആണെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചിരുന്നു.

മാനം വിൽക്കാൻ തീരുമാനിച്ച മാണിക്ക് യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ ബിജെപി എന്നോ അയിത്തമോ പഥ്യമോ ഇല്ല. മാണിയുടെ രാഷ്ട്രീയ ചരിത്രം നേരിന്റേതല്ല, നെറികേടിന്റേതാണ്. കെ.എം.ജോർജ് മുതൽ പി.സി.ജോർജ് വരെയുളള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ട്. മാണിക്കു മകനും വേണ്ടി മാത്രമുളള ഒരു പാർട്ടിയെ കോൺഗ്രസ് ഏറെക്കാലം ചുമന്നതു കൊണ്ടാണ് അവർക്ക് രാഷ്ട്രീയ അസ്ഥിത്വമുണ്ടായതെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ