കൊച്ചി: മലപ്പുറം പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരള കോൺഗ്രസ് (എം) നെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി താത്കാലിക അദ്ധ്യക്ഷൻ എംഎം ഹസൻ. എന്നാൽ തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കെഎം മാണി ഉപതിരഞ്ഞെടുപ്പ് വിജയം കുഞ്ഞാലിക്കുട്ടിയുടേത് മാത്രമാണെന്ന് വ്യക്തമാക്കി.

“കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരികെ വരണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. യുഡിഎഫ് കേരള കോൺഗ്രസിനെ ഒഴിവാക്കിയതല്ല. അവർ സ്വയം ഒഴിഞ്ഞ് പോയതാണ്. അവർ മുന്നണിയിലേക്ക് തിരികെ വരണം” എംഎം ഹസൻ ആവശ്യപ്പെട്ടു.

ഇതിന് മറുപടി പറഞ്ഞ കെഎം മാണി, കേരള കോൺഗ്രസിന്റെ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. “ചരൽക്കുന്ന് ക്യാംപിൽ തന്നെ യുഡിഎഫിന്റെ ഭാഗമാകുന്നില്ലെന്ന് പറഞ്ഞതാണ്. മലപ്പുറത്ത് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് മുസ്ലിം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമാണ് പിന്തുണ നൽകിയത്. അത് യുഡിഎഫിനുള്ള പിന്തുണ ആയിരുന്നില്ല.” അദ്ദേഹം പറഞ്ഞു.

“അമിതമായ സ്നേഹമോ അന്ധമായ വിരോധമോ കേരള കോൺഗ്രസിന് ആരുമായും ഇല്ല. മെറിറ്റ് നോക്കിയാവും ഓരോ വിഷയത്തിലും തീരുമാനം എടുക്കുക. അതല്ലാതെ ഒരു മുന്നണിയുടെയും ഭാഗമായി പ്രവർത്തിക്കാനില്ല” അദ്ദേഹം വ്യക്തമാക്കി.

കെ.എം മാണിയുടെ തിരിച്ചുവരവ് ചർച്ച ചെയ്യാൻ ഈ മാസം 21 ന് യുഡിഎഫ് യോഗം ചേരുമെന്ന് എംഎം ഹസൻ രാവിലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്‌ത് മാസത്തിലാണ് യുഡിഎഫ് വിടാനുള്ള തീരുമാനം കെഎം മാണി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ