തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കോൺഗ്രസിൽ ആരംഭിച്ച ആഭ്യന്തര കലാപം പുതിയ വഴിത്തിരിവിലേയ്ക്ക്. കോൺഗ്രസിലെ വൃദ്ധ നേതൃത്വത്തിനെതിരെ യുവ നേതാക്കൾ ആരംഭിച്ച കലാപം മുറുകിയപ്പോൾ മാണി ആ സീറ്റ് നേടിയെടുത്തു.​ അതിന് മുസ്‌ലിം ലീഗിന്റെ പിന്തുണ കൂടി ലഭിച്ചു. യു ഡി​എഫിലില്ലാത്ത ഘടകകക്ഷിയായിരുന്നിട്ടും യു ഡി എഫിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗ്, മാണിക്ക് വേണ്ടി വാദിച്ചതോടെയാണ് രാജ്യസഭാ സീറ്റ് കോൺഗ്രസിന് നഷ്ടമായത്. കോൺഗ്രസിനുളളിൽ ശക്തമായ ചേരിതിരിവിന് വഴിയൊരുക്കുകയാണ് ഈ നീക്കം.

കെ പി സി സി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ മുതൽ യുവ എം എൽ എയായ കെ. എസ് ശബരീനാഥ് വരെ ഈ നീക്കത്തിനെതിരെ ശക്തമായ അഭിപ്രായ പ്രകടനവുമായി രംഗത്തു വന്നു കഴിഞ്ഞു. ചെങ്ങന്നൂരിലെ തോൽവിയെ തുടർന്ന് പ്രതിരോധത്തിലേയ്ക്ക് പിൻവലിയേണ്ടി വന്ന കോൺഗ്രസിന്റെ സംസ്ഥാന ഘടകത്തിനുളളിൽ രൂപ്പെട്ടിരിക്കുന്ന പോരിന് ആക്കം കൂട്ടുന്നതായിരിക്കും ഇത്.

രാജ്യസഭയിലേയ്ക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ് നേതാവുമായ പി. ജെ കുര്യൻ, സി പി എം നേതാവായ സി പി നാരായണൻ, കേരളാ കോൺഗ്രസ് പ്രതിനിധിയായ ജോയി എബ്രഹാം എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്ന് സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗ ബലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകൾ എൽ​ ഡി എഫിനും ഒരു സീറ്റ് യു ഡി എഫിനും ലഭിക്കും. ജൂൺ 21 നാണ് തിരഞ്ഞെടുപ്പ്.

ഇതേ സമയം, മാണിയെ മുന്നിൽ നിർത്തി പിജെ കുര്യനെ വെട്ടി നിരത്തുകായിരുന്നുവെന്നാണ് കോൺഗ്രസിലെയും യു ഡി എഫിലെയും ഇടനാഴികളിൽ നിന്നും പുറത്തു വരുന്ന കഥകൾ. കഴിഞ്ഞ നിയസഭാ ഉപതിരഞ്ഞെടുപ്പ് മുതൽ പി ജെ കുര്യൻ സ്വീകരിച്ച സമീപനങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിക്കും ഒപ്പം നിന്നവർക്കും ഉളവായ അസ്വാരസ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് യു ഡി എഫിലെ ഉപശാല വൃത്തങ്ങൾ പറയുന്നത്. ആ നീക്കങ്ങളെ കുറിച്ച് കോൺഗ്രസ്സിനുളളിൽ നിന്നും പുറത്തുവരുന്ന കാര്യങ്ങളിങ്ങനെയാണ്.

ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ടാണ് അന്ന് കോൺഗ്രസിനുളളിൽ പിജെ കുര്യനും ഉമ്മൻചാണ്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടയാത്. തിരുവല്ല തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണിയുടെ സ്ഥാനാർത്ഥിയായ ജോസഫ് എം പുതുശേരിയും ചെങ്ങന്നൂരിലും ആറന്മുളയിലും ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരയവരെന്ന് പേരു കേട്ട പി സി വിഷ്ണുനാഥും ശിവദാസൻ നായരുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവിയുടെ രുചിയറിഞ്ഞത്. അതിന് പിന്നിൽ പി ജെ കുര്യനാണെന്ന ആരോപണം കോൺഗ്രസുകാർക്കൊപ്പം കേരളാ കോൺഗ്രസുകാരും അങ്ങാടിപ്പാട്ടാക്കിയിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷൻ എന്ന നിലയിൽ കുര്യൻ സ്വീകരിച്ച ബി ജെ പി അനുകൂല നിലപാടുകൾ കോൺഗ്രസിന് മാത്രമല്ല, യു ഡി എഫിലെ ഘടകക്ഷികൾക്കും അസ്വസ്ഥയുണ്ടാക്കിയിരുന്നു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിലെ വിഷയം ഉളളിൽ വച്ചാണ് വയലാർ രവിയെയും, ആന്റണിയെയും കുറിച്ച് മിണ്ടാതിരുന്ന യുവ തുർക്കികളുടെ സംഘം കുര്യനെതിരെ തിരഞ്ഞത്. ഇതിന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെ പരോക്ഷമായ പിന്തുണയും ഉണ്ടായിരുന്നു. കുര്യനെ മാറ്റി കോൺഗ്രസിൽ നിന്നും ആരെയെങ്കിലും കൊണ്ടു വരിക എന്നതായിരുന്നു കോൺഗ്രസ് ആഗ്രഹിച്ചിരുന്നത്. എന്നാൽ വയലാർ രവിയും കുര്യനും യുവ നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്നു. പി ജെ കുര്യൻ ഈ നീക്കത്തിനെതിരെ കരുനീക്കം നടത്തി വീണ്ടും എം പി സ്ഥാനത്തേയ്ക്ക് വന്നേയ്ക്കും എന്ന സാഹചര്യമെത്തിയപ്പോഴാണ് മാണിയെ മുൻനിർത്തി കുഞ്ഞാലിക്കുട്ടിയിലൂടെ കേരളത്തിലെ കോൺഗ്രസിലെ ഒരു വിഭാഗം ഈ നീക്കം നടത്തിയത്.

യു ഡി​എഫിലേയ്ക്ക് മാണി വരുമ്പോൾ അദ്ദേഹത്തിന് മാന്യമായ വരവിന് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന കാർഡാണ് കുഞ്ഞാലിക്കുട്ടി ഇറക്കിയത്. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും ഒക്കെ ഒന്നിച്ച് നിന്നാണ് ഈ നീക്കം നടത്തിയതെന്ന് കോൺഗ്രസിനുളളിൽ നിന്നും പുറത്തു വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ യു ഡി എഫിൽ നിന്നും അകലാതിരിക്കുന്നതിന് കേരളാ കോൺഗ്രസിനെ ഒപ്പം നിർത്തണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. യു ഡി എഫ് ദുർബലമാണെന്ന് വരുത്തിത്തീർക്കാൻ സി പി എമ്മും എൽ ഡി എഫും ശ്രമിക്കുമ്പോൾ മാണിയെ മാന്യമായി ഒപ്പം കൊണ്ടു വരണമെന്നും അതിനായി അവരുടെ സീറ്റുകളിലൊന്ന് ഒഴിയുന്നതിനാൽ അത് നൽകണമെന്ന വാദവും മുന്നോട്ട് വച്ചത്.

ഈ​ വാദം വഴി മാണിക്ക് സീറ്റ് നൽകുമ്പോൾ ഏറ്റവും കനത്ത തിരിച്ചടി ലഭിക്കുന്നത് കോൺഗ്രസിലെ യുവ നേതാക്കൾക്കാണ്. പിജെ കുര്യനെ മാറ്റിയ ശേഷം കോൺഗ്രസിലെ മറ്റാർക്കെങ്കിലും സീറ്റ് നൽകുമെന്നാണ് അവർ കരുതിയിരുന്നത്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ യുവരക്തം മാറ്റിയെഴുതുമെന്ന മോഹത്തെ കൂടെ ഇല്ലാതാക്കുന്ന നീക്കം കൂടെയായി മാറി ഇത്.

ഫെയ്‌സ്ബുക്കിലെ ‘വാചകവിപ്ലവ’മായി കോൺഗ്രസിലെ യുവതുർക്കികളുടെ ‘വൃദ്ധസദന വിവാദം’ അവസാനിക്കുന്ന അവസ്ഥയിലെത്തിക്കാനും കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരു വിഭാഗത്തിന് സാധിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കാനോ അതിനെ വഴിതിരിച്ചുവിടാനോ ഏറ്റെടുക്കാനോ ഉളള രാഷ്ട്രീയ പാടവം യുവനേതൃത്വത്തിന് ഇല്ലെന്ന് കൂടെ മാണിയെ മുൻനിർത്തി കളിച്ചവർ തെളിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ