തിരുവനന്തപുരം: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം.മാണിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മികവുറ്റ പാർലമെന്റേറിയനായിരുന്നു കെ.എം.മാണി എന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആകെ ആദരവ് അദ്ദേഹത്തിന് അർപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി
“കെ.എം.മാണിയുടെ നിര്യാണം ഈ ഘട്ടത്തിൽ അതീവ ദുഃഖത്തോടെ മാത്രമേ കേരള സമൂഹത്തിന് സ്വീകരിക്കാൻ സാധിക്കൂ. സംസ്ഥാനത്തിന്റെ ആകെ ആദരവ് അദ്ദേഹത്തിന് അർപ്പിക്കുന്നു. കെ.എം.മാണി ദീർഘകാലമായി സംസ്ഥാനത്തിന്റെ നിയമസഭ പ്രവർത്തനത്തിലുണ്ടായിരുന്നു. നന്നായി പ്രവർത്തിക്കാനും നല്ലപേര് സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ മാണിയൊരു പ്രത്യേകരീതി വളർത്തിയെടുത്തിരുന്നു. അവസാന കാലത്ത് ചില വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും മികവുറ്റ പർലമെന്ററിയൻ തന്നെയായിരുന്നു കെ.എം.മാണി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകീട്ട് 4.57 നായിരുന്നു കെ.എം.മാണിയുടെ അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഇന്ന് രാവിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഉച്ച കഴിഞ്ഞതോടെ ആരോഗ്യനില വീണ്ടും മോശമാകുകയായിരുന്നു.