Remembering Mani Sir, the forever politician of Pala: ‘പാലായ്ക്ക് പുറത്തൊരു ലോകമുണ്ടെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട, ഞാന്‍ കുറെ ലോകം കണ്ടിട്ടുണ്ട്. പക്ഷേ പാലായാണ് എന്റെ ഏറ്റവും വലിയ ലോകം’ ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി സ്ഥാനമൊഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ കെ എം മാണി പറഞ്ഞതാണിത്. ഭാര്യ കുട്ടിയമ്മയും പാലായും തനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണെന്ന് പല കുറി ആവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
കുഞ്ഞുമാണി മാണിയായി, പിന്നീട് മാണി സാറായി. മാണി സാറില്ലാത്ത പാലാ ചിന്തിക്കാനാകാത്ത അവസ്ഥയിലെത്തി. മന്ത്രിയായി തിരുവനന്തപുരത്ത് താമസിക്കേണ്ടി വരുമ്പോഴും ഭാര്യ കുട്ടിയമ്മയുമൊത്ത് കൃത്യമായി പാലായിലെത്തും. ആദ്യം കുരിശുപള്ളിയില്‍. പിന്നെ കല്യാണ വീടുകളിലും മരണ വീടുകളിലും. മാണി സാറില്ലാതെ പാലാക്കാര്‍ക്ക് ആഘോഷങ്ങളില്ല. മറ്റൊരാളെ പാലാക്കാര് നിയമസഭയിലേക്ക് പറഞ്ഞയയ്ക്കാത്തതിന് പിന്നിലുള്ളതും ഈ സ്നേഹമാണ്.
Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി
ധനവകുപ്പ് ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്തിട്ടുള്ള കെ എ മാണി, പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും എന്ന തന്റെ നയം ആവര്‍ത്തിക്കാറുണ്ട്. പക്ഷേ, പാലായിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അവസാനിക്കാറില്ല. പാലായിലെ ഇടവഴികള്‍ പോലും കേരളത്തിലെ ചില മെയിന്‍ റോഡുകളേക്കാള്‍ നല്ല നിലവാരം പുലര്‍ത്തുന്നവയാണ്.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മീനച്ചിലാറ്റില്‍ തടയണകള്‍ നിര്‍മിച്ചു. പാലാ പാരലല്‍ റോഡ്, റിങ് റോഡ്, അരുണാപുരം പൊതുമരാമത്ത് റസ്റ്റ് ഹൗസ്, പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, രാമപുരം സര്‍ക്കാര്‍ ആശുപത്രിക്ക് ബഹുനിലമന്ദിരവും ആധുനികചികില്സാ സൗകര്യങ്ങളും, അരുണാപുരം മിനി ഡാമും പാലവും, മീനച്ചിലാറിന് കുറുകെയുള്ള പാലങ്ങള്‍, പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് എന്നിങ്ങനെ പറഞ്ഞാല്‍ തീരില്ല പാലായുടെ വികസനവഴികള്‍.

കുട്ടിയമ്മയുടെ കുഞ്ഞുമാണി
‘വീട്ടിലിരുത്താവുന്ന കുട്ടിയാണ്, നീ പോയി കാണെന്ന്’ പറഞ്ഞാണ് കൊച്ചപ്പന് (മാണി അപ്പനെ വിളിച്ചിരുന്നത് കൊച്ചപ്പനെന്നാണ്) കുട്ടിയമ്മയെ കാണാനായച്ചത്. ആദ്യ നോട്ടത്തില്‍ തന്നെ കുട്ടിയമ്മയെ കുഞ്ഞുമാണിക്ക് ഇഷ്ടമായി. വക്കീലായിരിക്കണം, രാഷ്ട്രീയക്കാരനായിരിക്കണം, മീശയുണ്ടായിരിക്കണം ഇത് മൂന്നുമായിരുന്നു ഭാവി വരനെക്കുറിച്ചുളള കുട്ടിയമ്മയുടെ സങ്കല്‍പ്പങ്ങള്‍. മൂന്നുമൊത്തു വന്നതോടെ കുട്ടിയമ്മയ്ക്കും സമ്മതം.
കോട്ടയം ബാര്‍ അസോസിയേഷനിലെ വക്കീലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരിക്കെ, ഇരുപത്തിയഞ്ചാം വയസ്സില്‍, 1957 നവംബര്‍ 28ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലായിരുന്നു വിവാഹം. അന്ന് മുതല്‍ കുഞ്ഞുമാണിയുടെ കൂടെയുണ്ട് കുട്ടിയമ്മ. എത്സമ്മ, സാലി, ആനി, ടെസി, ജോസ് കെ.മാണി, സ്മിത എന്നിവരാണ് മക്കള്‍. വീട് നോക്കിയതിന്റെയും മക്കളെ വളര്‍ത്തിയതിന്റെയും മുഴുവന്‍ ക്രെഡിറ്റും കെ എം മാണി കുട്ടിയമ്മയ്ക്ക് നല്‍കും. അപ്പന്റെ ആ തിരഞ്ഞെടുപ്പിലെ ജയമാണ് തന്റെ കുടുംബ ജീവിതത്തിന്റെ വിജയമായതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയും. ആറ് പതിറ്റാണ്ട് പിന്നിട്ട ദാമ്പത്യ ജീവിതവും മാണിയുടെ മറ്റൊരു റെക്കോര്‍ഡാണ്. പുറത്തേക്കിറങ്ങുമ്പോള്‍ കുട്ടിയമ്മയ്ക്ക് മുത്തം നല്കുന്ന പതിവ് മാണി തെറ്റിക്കാറില്ല.
പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കുന്നതാണ് പതിവ്. രാത്രി പന്ത്രണ്ടരയോടെയാണ് മിക്കപ്പോഴും ഉറക്കം. പറ്റുന്ന ദിവസങ്ങളില്‍ പള്ളിയില്‍ പോകും. ഇതില്‍ കൂടുതല്‍ ചിട്ടയൊന്നുമില്ല. ഭക്ഷണക്കാര്യത്തില്‍ നിര്‍ബന്ധമില്ല. പുകവലി ഉപേക്ഷിച്ചപ്പോള്‍ പകരം ഇടയ്ക്ക് ചായ കുടി ശീലമാക്കിയതൊഴിച്ചാല് വേറെ ശീലങ്ങളില്ല. സംസാരത്തില്‍ കൃത്യമായ താളത്തിലെത്തുന്ന ചുമ, നിര്‍ത്താതെ പുകവലിച്ചിരുന്ന കാലത്തിന്റെ അവശേഷിപ്പാണ്. പല തവണ തീരുമാനിച്ചിട്ടും നിര്‍ത്താന്‍ പറ്റാതിരുന്ന പുകവലി, ഒടുവില്‍ മൂത്ത മകളുടെ പ്രസവസമയത്ത് ചില ബുദ്ധിമുട്ടുകളുണ്ടായപ്പോള്‍, പ്രാര്‍ഥിച്ച് ഏറ്റവും ഇഷ്ടമുള്ള സിഗരറ്റ് വലി ഉപേക്ഷിച്ചു.

സത്യനും രാഗിണിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഭാര്യ’യാണ് മാണിയുടെ ഇഷ്ടപ്പെട്ട സിനിമ. ട്രാജഡി സിനിമകള്‍ കാണാനാണ് ഇഷ്ടം. അതിലൂടെ മനസ് ശുദ്ധീകരിക്കപ്പെടുമെന്നാണ് മാണീസ് ലോജിക്ക്. ‘ആകാശദൂതാ’ണ് കേരള രാഷ്ട്രീയത്തിലെ അതികായനെ കൂടുതല്‍ കരയിപ്പിച്ചത്. കോമഡി സിനിമകളില്‍ ഇഷ്ടം ‘കാബൂളിവാല’യും. പഴയ ഹിന്ദി സിനിമാ ഗാനങ്ങള്‍ സമയം കിട്ടുമ്പോഴൊക്കെ കേള്‍ക്കാന്‍ ഇഷ്ടമുളളയാളാണ് മാണി. ‘സുമംഗലീ നീ ഓര്‍മിക്കുമോ’, ‘പൂമുഖവാതില്ക്കല് സ്നേഹം തുളുമ്പുന്ന’ ഇതൊക്കെയാണ് മലയാളത്തിലെ ഇഷ്ട ഗാനങ്ങള്‍.
കുഞ്ഞുമാണി യാത്രയാകുമ്പോള്‍ കുട്ടിയമ്മയ്ക്ക് മാത്രമല്ല പാലായ്ക്കും നാഥനില്ലാതാകും. പ്രതിസന്ധികളിലും ആരോപണങ്ങളിലും തളരാതെ തലയെടുപ്പോടെ നിവര്‍ന്ന് നടന്ന കെ.എം.മാണി വരും തലമുറകള്‍ക്ക് ഒരു പാഠപുസ്തകമാണ് എല്ലാ തരത്തിലും.