കരിങ്ങോഴക്കൽ മാണി മാണി എന്നാണ് പാലാക്കാരുടെ സ്വന്തം മാണി സാറിന്റെ മുഴുവൻ പേര്. 1933 ജനുവരി 30ന് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിലെ മീനച്ചിൽ താലൂക്കിലായിരുന്നു കെ എം മാണിയുടെ ജനനം. കർഷക ദമ്പതികളായിരുന്ന കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയും ഏലിയാമ്മയുമാണ് മാതാപിതാക്കള്‍.
Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി
തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്, തേവര എസ്എച്ച് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മദ്രാസില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ തൊമ്മന് മാണി മകനെ കോഴിക്കോട് കൂടരിഞ്ഞിയിലെ റബ്ബര്‍ തോട്ടം നോക്കിനടത്താൻ അയച്ചു. പക്ഷേ തോട്ടം നോക്കുന്നതിനിടയിലും വക്കീൽ പണിയോടുള്ള താല്പര്യം മാണി വിട്ടില്ല. കോഴിക്കോടുണ്ടായിരുന്ന, പിന്നീട് ഹൈക്കോടതി ജഡ്ജിയായ പി ഗോവിന്ദ മേനോന്റെ അടുത്തെത്തി. അങ്ങനെ 1955 മുതൽ ഗോവിന്ദ മേനോന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്തു. പിന്നീട് പ്രാക്ടീസ് കോട്ടയത്തേക്ക് മാറ്റി. ഒപ്പം രാഷ്ട്രീയത്തിലും സജീവമായി.
കോണ്‍ഗ്രസ് അംഗത്വമെടുത്ത് ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത് 1959ൽ. കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസിന് വേണ്ടി 1965ല്‍ പാലായില്‍ സ്ഥാനാര്‍ഥിയായി വിജയിച്ചു. 1979ലാണ് കെ.എം.മാണി കേരള കോണ്‍ഗ്രസ് എമ്മിന് രൂപം നല്‍കിയത്. കോട്ടയം തിരുനക്കര മൈതാനിയിൽ മന്നത്ത് പത്മനാഭനാണ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തിന് തിരി കൊളുത്തിയത്.
പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ്
കെ എം മാണിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രം മാത്രമല്ല, പല റെക്കോര്‍ഡുകളുടെയും കഥയാണ്.
“റബ്ബര്‍ പാലെടുക്കുന്ന ചിരട്ടയുടെ വായ് ചിരട്ടപ്പാല്‍ കൊണ്ടുള്ള ഷീറ്റ് കൊണ്ട് പരത്തിക്കെട്ടി ചരടില്‍ കോര്‍ത്ത് പേര മരത്തില്‍ തൂക്കി മൈക്കാണെന്ന് കരുതി പ്രസംഗിക്കും,” സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗിക്കാന്‍ പരിശീലിച്ചതിനെക്കുറിച്ച് കെ എം മാണി പറഞ്ഞതാണിത്. അങ്ങനെയെങ്കിൽ ചെറുപ്പത്തിലെ രാഷ്ട്രീയക്കാരനാകുള്ള ആഗ്രഹം മനസില്‍ കൊണ്ട് നടന്നിരുന്നോ മാണി?

തമിഴ്നാട്ടിലെ തൃശ്ശിനാപ്പിള്ളിയിലെ ബിരുദപഠനകാലത്ത് ഹോസ്റ്റലിലാണ് മാണി താമസിച്ചിരുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അലമാര പരിശോധിക്കേണ്ടി വന്നപ്പോഴാണ് കെ എം മാണിയുടെ പെട്ടിയിലെ കാള്‍ മാര്‍ക്സിന്റെ ‘മൂലധനം’, കത്തോലിക്കാ പുരോഹിതനായ വാര്‍ഡന്റെ ശ്രദ്ധയിൽപെട്ടത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ള പുസ്തകം രഹസ്യമായി സൂക്ഷിച്ചതിന് ക്രിസ്റ്റ്യന്‍ മാനേജ്മെന്റ് നടത്തിയിരുന്ന കോളേജില്‍ നിന്ന് മാണിയെ പുറത്താക്കി. അന്ന് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന യു വി ചാക്കോയാണ് മാണിയുടെ രക്ഷകനായത്. ചാക്കോ മാണിയെ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ കൊണ്ടു വന്ന് ചേര്‍ത്തു. എസ്എ ച്ച് കോളേജിലെ പഠന കാലമാണ് തനിക്ക് നേതൃവാസന സമ്മാനിച്ചതെന്ന് മാണിസാര്‍ പല തവണ പറഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തനവും തുടങ്ങിയത് അവിടെ നിന്നാണ്.
കെ.എം.മാണി, ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് 1964ല്‍ കെ എം ജോർജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് കോട്ടയത്ത് രൂപമെടുക്കുന്നത്. 1979ല്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ മന്നത്ത് പത്മനാഭന് കേരള കോണ്‍ഗ്രസ് എമ്മിന് തിരി കൊളുത്തി തുടക്കം കുറിച്ചപ്പോള്‍, രാജ്യത്തെ രണ്ടാമത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപം കൊണ്ടത്. ഡിഎംകെ ആയിരുന്നു ഒന്നാമത്തേത്.
1965 മാര്‍ച്ചില്‍ നിയമസഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കായുള്ള കേരള കോണ്‍ഗ്രസിന്റെ അന്വേഷണം ചെന്നവസാനിച്ചത് ചെറുപ്പക്കാരനും മിടുക്കനും നല്ല പ്രാസംഗികനുമായ കെ എം മാണിയിലാണ്. നേതാക്കളുടെ ആവശ്യം നന്നായി ആലോചിച്ച് മാണി സ്വീകരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ചെലവാക്കാന്‍ പണമില്ലെന്ന് തുറന്ന് പറഞ്ഞു. മാണിയോട് സംസാരിക്കെനെത്തിയ മോഹന്‍ കുളത്തുങ്കല്‍ 35,000 രൂപ നല്‍കിയതോടെ പ്രശ്നം അവസാനിച്ചു. അന്ന് കോട്ടയത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആര് വി തോമസിന്റെ ഭാര്യയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ‘ആര്‍വി ചേടത്തി’ എന്നറിയപ്പെട്ടിരുന്ന അവരെ തോല്‍പ്പിച്ച് മാണി എംഎല്‍എയായി. എംഎല്‍എയായതോടെ മാണി ജോർജിന് മുന്നില്‍ ഒരു നിര്‍ദേശം വച്ചു. തന്നെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയാൽ കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പെടുക്കാം. മാണിയുടെ വാക്കിലും പ്രവൃത്തിയിലും തൃപ്തനായിരുന്ന ജോർജ് ഓഫീസിന്റെ താക്കോല്‍ മാണിക്ക് നല്കി. അങ്ങനെ 1971ലും 72ലും ഓഫീസ് ചുമതലയുള്ള കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി കെ എം മാണി.

ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ വിരുദ്ധചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്. ഇഎംഎസ്, എകെജി എന്നീ നേതാക്കള്‍ക്കൊപ്പം കെ എം ജോർജിനെയും ബാലകൃഷ്ണ പിള്ളയെയും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. 1975 ജൂലൈയിലായിരുന്നു അത്. കെ എം മാണി രഹസ്യരാഷ്ട്രീയപ്രവര്ത്തനം നടത്താന്‍ ഒളിവില്‍പ്പോയി. അന്നത്തെ അച്യുതൻ മേനോന് സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ വിളിച്ചു. ഡിസംബറില്‍ ജോർജിനെയും പിള്ളയെയും കോണ്‍ഗ്രസ് നേതാക്കള്‍ മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു.
തിരികെ ജയിലിലേക്ക് പോകണോ, അതോ മന്ത്രിയാകണോ എന്നായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്. മന്ത്രിസഭയില്‍ ചേരാമെന്ന് തീരുമാനിച്ച് ജോർജും പിള്ളയും ഇന്ദിര ഗാന്ധിയുടെ അനുഗ്രഹവും വാങ്ങി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി നേതാവും ഒരാളായിരിക്കാന്‍ പാടില്ലെന്ന മാണിയുടെ ആവശ്യം ജോർജിന് അംഗീകരിക്കേണ്ടി വന്നു. പാര്‍ട്ടി ചെയര്മാന് പദവി കൈവിടാന്‍ ജോർജ് തയ്യാറായിരുന്നില്ല. അങ്ങനെ 1975 ഡിസംബര്‍ 26ന് ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം കെ എം മാണി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലവില്‍ വന്ന മന്ത്രിസഭയില്‍ കെ എം മാണി ആഭ്യന്തരമന്ത്രിയായി. ഇതിനിടെ 1976ല്‍ കെ എം ജോർജ് മരിച്ചതോടെ മാണി കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനുമായി. ഇതിനിടെ 1977ല്‍ പാലായിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് മാണിക്ക് ആഭ്യന്തമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നു. പകരം പി ജെ ജോസഫ്, ആന്റണി മന്ത്രിസഭയില്‍ ആ പദവി ഏറ്റെടുത്തു. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുത്ത് മാണി അതേ മന്ത്രിസഭയില്‍ തിരിച്ചെത്തി. മന്ത്രിസ്ഥാനം മാണിക്ക് തിരിച്ച് നല്കിയ പി ജെ ജോസഫ് പാര്‍ട്ടി ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ടു.
പില്ക്കാലത്തുണ്ടായ കേരള കോണ്‍ഗ്രസ് പിളര്‍പ്പുകളുടെ തുടക്കമായിരുന്നു അത്. ‘പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്’ എന്ന് പറഞ്ഞ് അദ്ദേഹം ആ പിളര്‍പ്പുകളെയും കൂടിച്ചേരലുകളെയും ‘മാണീസ് തിയറി’യാക്കി അവതരിപ്പിച്ചു.
ഏഴ് മന്ത്രിസഭകളിലായി 6061 ദിവസമാണ് കെ എം മാണി മന്ത്രി സ്ഥാനത്തിരുന്നത്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന റെക്കോര്‍ഡും കെ എം മാണിക്ക് സ്വന്തം. ആദ്യമായി മന്ത്രിയാകുന്നത് 1975 ഡിസംബര്‍ 26നാണ്. 2003 ജൂണ്‍ 22 ന് ബേബി ജോണിന്റെ റെക്കോര്‍ഡ് മറികടന്നാണ് കെ എം മാണി ഈ നേട്ടം സ്വന്തമാക്കിയത്.
പത്തു മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം പതിനൊന്നു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന സവിശേഷതയും സ്വന്തമാക്കിയിട്ടുണ്ട്. 1978-ല്‍ മന്ത്രിയായിരിക്കേ രാജി വയ്ക്കുകയും പിന്നീട് അതേ മന്ത്രിസഭയില്‍ തന്നെ അംഗമാവുകയും ചെയ്തതിനാലാണ് ഇത്. നിയമവകുപ്പും ധനവകുപ്പും ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തതിനുള്ള റെക്കോഡും കെ എം മാണിക്കു തന്നെ സ്വന്തം. ആഭ്യന്തരം, റവന്യൂ, ധനകാര്യം, നിയമം, ജലവിഭവം, വൈദ്യുതി, തുറമുഖം, നഗരവികസനം, ഭവനനിർമ്മാണം, ഇൻഫർമേഷൻ എന്നീ വകുപ്പുകൾ പല തവണ കൈകാര്യം ചെയ്തിട്ടുണ്ട് കെ എം മാണി.
Read More: KM Mani, the forever politician of Pala: കുട്ടിയമ്മയുടെയും പാലാക്കാരുടെയും സ്വന്തം മാണി