തിരുവനന്തപുരം: ചെങ്ങന്നൂരിൽ ത്രികോണ രാഷ്ട്രീയ പോരാട്ടം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കെ.എം.മാണി വിഷയം വീണ്ടും ഇടതുമുന്നണിയിൽ ചർച്ചയാകുന്നു. സിപിഎമ്മിന്റെ മൃദുലനിലപാടിനെതിരെ അതിരൂക്ഷമായാണ് സിപിഐയുടെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്നാലെ ബിനോയ് വിശ്വവും കെ.എം.മാണിക്കെതിരെ ആഞ്ഞടിച്ചു.

“കെ.എം.മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണ്. എൽഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല. യുഡിഎഫ് മുന്നണിയുടെ നയമാണ് മാണി പിന്തുടരുന്നത്. എൽഡിഎഫിന്റെ രാഷ്ട്രീയമൂല്യങ്ങളോട് ചേർന്ന് പോകുന്ന സമീപനമല്ല മാണിയുടേത്,” ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി.

ചെങ്ങന്നൂരിൽ യുഡിഎഫിനോട് അതൃപ്തിയുളള ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ചെങ്ങന്നൂരിൽ കെ.എം.മാണിയുടെ പിന്തുണ ഇല്ലാതെ തന്നെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം.

ചെങ്ങന്നൂരിൽ ഇടത് സ്ഥാനാർത്ഥി വിജയിക്കണമെന്ന താത്പര്യമല്ല സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉളളതെന്ന് ഇതിന് മറുപടിയായി കെ.എം.മാണിയും പറഞ്ഞു. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ സിപിഎമ്മിന്റെ തോൽവി കൂടി കാനം ആഗ്രഹിക്കുന്നുവെന്ന് കെ.എം.മാണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കാനം രാജേന്ദ്രൻ രംഗത്ത് വന്നു.

താൻ ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടത് സ്ഥാനാർത്ഥി ജയിക്കണമെന്നുമാണ് താൻ പറഞ്ഞതെന്ന് കാനം വിശദീകരിച്ചിരുന്നു. ഇരു കക്ഷികളും തമ്മിലുളള തർക്കത്തിന് ആക്കം കൂട്ടുന്നതായി ബിനോയ് വിശ്വത്തിന്റെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook