Chengannur By Election Results 2018: ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ വിലപേശൽ രാഷ്ട്രീയത്തിൽ കെ.എം.മാണിയുടെ യുഗം കഴിഞ്ഞുവെന്നതിന്റെ സൂചനകളുമായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം. കേരളാ കോൺഗ്രസ് മാണിയുടെ വിലപേശലിന്റെ രണ്ടില കൊഴിഞ്ഞു വീഴുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ് ചെങ്ങന്നൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നൽകുന്നത്.
കേരളാ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ചെങ്ങന്നൂര്‍ നഗരസഭയില്‍ രണ്ടാം സ്ഥാനത്തേക്കും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ മൂന്നാം സ്ഥാനത്തേക്കും യു ഡി എഫ് സ്ഥാനാര്‍ഥി തള്ളപ്പെട്ടത് മാണി യു ഡി എഫിന് തുണയായില്ല എന്നതിന്റെ തെളിവാണ്.
കേരള രാഷ്ട്രീയത്തിലെ വിലപേശൽ കക്ഷികളായ ചെറു രാഷ്ട്രീയ പാർട്ടികൾ മുന്നണി സംവിധാനത്തിന്റെ ഭാഗമായി നിൽക്കുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ പൊതുസമൂഹത്തിൽ ഏറെക്കുറെ പരിഹാസ കഥാപാത്രങ്ങളാണ് ഇത്തരം ചെറുപാർട്ടികൾ. ഇതിന് അടിവരയിടുന്നതാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം. ഇനി കേരളാ രാഷ്ട്രീയത്തിൽ സ്വയം അപ്രസക്തരാണെന്ന് കേരളാ കോൺഗ്രസ് മാണി സ്വയം പ്രഖ്യാപനം നടത്തുന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം.
മാണി ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിൽ ജയത്തെ ബാധിക്കില്ലെന്ന് 1987 ലെ എൽഡിഎഫ് വിജയം വ്യക്തമാക്കിയതാണ്. 1987 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ മുസ്ലിം ലീഗോ കേരളാ കോൺഗ്രസോ എൽഡിഎഫിന് ഒപ്പമുണ്ടായിരുന്നില്ല.
കേരളത്തിലെ വിലപേശൽ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന പാർട്ടികളായി എന്നും കരുതി പോരുന്ന കേരള കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും മുസ്ലിം ലീഗുമാണ് പ്രമുഖർ. മറ്റുളള ചെറുകിട പാർട്ടികൾക്കൊന്നും കേരളത്തിൽ ഇക്കാര്യത്തിൽ അത്ര പ്രമാണിത്തം ഇല്ലായെന്നത് വസ്തുതയാണ്. കേരളാ കോൺഗ്രസ് മാണി അതിൽ പ്രധാനിയാണ്. പ്രത്യേകിച്ച് മുന്നണി രാഷ്ട്രീയത്തിൽ ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പാർട്ടി മുന്നണിയോട് ചേരുന്നത് വളരെ ഗുണം ചെയ്യുമെന്ന കരുതലുണ്ടാക്കുന്ന കാലത്ത്. എന്നാൽ അതിനെയെല്ലാം തിരുത്തിയെഴുതി ചെങ്ങന്നൂരിലെ വോട്ടർമാർ.
മലപ്പുറത്തും വേങ്ങരയിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കോ ധർമ്മടത്തോ പയ്യന്നൂരിലെ സിപിഎം സ്ഥാനാർത്ഥിക്കോ പിന്തുണ പ്രഖ്യാപിക്കും പോലെ അത്ര എളുപ്പമല്ല, മറ്റ് മണ്ഡലങ്ങളിലെ അഭ്യാസം എന്ന് കൂടി വിലപേശൽ പാർട്ടികളെക്കുറിച്ച് ബോധ്യം നൽകുന്ന തിരഞ്ഞെടുപ്പ് മാറി ഇത്.
തിരഞ്ഞെടുപ്പിന്റെ അവസാന സമയം വരെ നിലപാട് പറയാതെ നിന്നാണ് കേരളാ കോൺഗ്രസ് മാണി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഒടുവില്‍ പിന്തുണ പ്രഖ്യാപിച്ചത്. അതു വരെ മാണിയുടെ പിന്തുണയ്ക്കായി ബിജെപിയും സിപിഎമ്മിലെ ഒരു വിഭാഗവും കഠിനമായി ശ്രമിച്ചെങ്കിലുംതിരഞ്ഞെടുപ്പിന്റെ അവസാന സമയം മാണി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
വി.എസ്.അച്യുതാനന്ദൻ മാണിക്കെതിരെ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് നേതാക്കൾ മാണിയെ പോയി കാണുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തത്. മാണിയുടെ പിന്തുണയ്ക്ക് ചെങ്ങന്നൂരിൽ ജനങ്ങളുടെ പിന്തുണയില്ലെന്ന് ഉറപ്പിക്കുന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം.