തിരുവനന്തപുരം: കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷം. കെ.എം.മാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രസ്താവനയാണ് നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കിയത്. അഴിമതിക്കാരെ എൻഡിഎയിൽ എടുക്കില്ലെന്ന വി.മുരളീധരന്റെ നിലപാടിനെ മുതിർന്ന നേതാവ് പി.എസ്.ശ്രീധരൻ പിളള തളളി.

തിരഞ്ഞെടുപ്പിൽ കളളന്മാരുടെയും അഴിമതിക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്നാണ് മുരളീധരൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഇന്നദ്ദേഹം നിലപാട് മാറ്റി. മാണിയോടുളള ബിജെപി നിലപാടിൽ മാറ്റമില്ലെന്നും അഴിമതിക്കാരെ എൻഡിഎയിൽ എടുക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

മുരളീധരന്റെ ഈ നിലപാടിനെ തളളി ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ പി.എസ്.ശ്രീധരൻ പിളള രംഗത്തെത്തി. എൻഡിഎയിൽ ആർക്കും അയിത്തമില്ല. മാണി കൊളളക്കാരനാണെന്ന അഭിപ്രായം എനിക്കില്ല. രാഷ് ട്രീയത്തില്‍ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ മുരളീധരന്റെ അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎയുടെ കാഴ്​ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരു​ടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. എൻഡിഎയിലേക്ക്​ വരുന്നതിന്​ മാണി അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ അക്കാര്യം ഘടക കക്ഷികൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നായിരുന്നു കുമ്മനം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ