തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ സ്വീകരിച്ച നിലപാട് നിർഭാഗ്യകരമായിപ്പോയെന്ന് കെ.എം.മാണി. കോട്ടയത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനമാണ് തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ളൊരു നിലപാട് എടുക്കാൻ കാരണം. ഇതിനെപ്പറ്റി പാർട്ടി പഠിച്ചതിന് ശേഷം നിലപാട് എടുക്കുമെന്നും കെ.എം.മാണി പറഞ്ഞു. കോൺഗ്രസുമായിട്ടുള്ള ബന്ധം തുടരണമെന്നാണ് കേരള കോൺഗ്രസ് ആഗ്രഹിച്ചത്. എന്നാൽ കോൺഗ്രസിന് വേണ്ടെങ്കിൽ തങ്ങൾക്കും വേണ്ട. ഞങ്ങളെ മുന്നണിയിലെടുക്കണമെന്ന് അപേക്ഷിച്ച് എങ്ങോട്ടും പോകില്ലെന്നും മാണി പറഞ്ഞു.

പ്രാദേശികമായ നടന്ന ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണ്ട, ഞങ്ങളുടെ പാർട്ടിയെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള നിലപാടാണ് കോട്ടയം ഡിസിസി കുറച്ച് കാലമായി സ്വീകരിച്ച് പോന്നത്. ഇതിന് എതിരായ പാർട്ടി പ്രവർത്തകരുടെ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇത് മുന്നണി പ്രവേശനത്തിനുള്ള ആദ്യ പടിയാണ് എന്നത് തെറ്റായ കാര്യമാണെന്നും കെ.എം.മാണി പ്രതികരിച്ചു.

സിപിഐഎമ്മിനോട് യാതോരു തൊട്ടുകൂടായ്മയും ഇല്ലെന്നും മാണി പ്രതികരിച്ചു. കേരള കോൺഗ്രസിനെ വേദനിപ്പിക്കാത്ത​ ഒരു പാർട്ടിയും കേരളത്തിൽ ഇല്ല , എല്ലാവരും സംയമനം പാലിക്കുന്നതാണ് നല്ലെതെന്നും മാണി മുന്നറിയിപ്പ് നൽകി. പി.ജെ ജോസഫുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും കേരള കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ.എം മാണി പറഞ്ഞു.

തങ്ങൾ ഇടത് മുന്നണിയിലേക്ക് ചെല്ലുമോ എന്ന് സിപിഐക്ക് പേടിയാണെന്നും , അത് കൊണ്ടാണ് സിപിഐ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും മാണി ഒളിയമ്പ് എയ്തു. തങ്ങൾ ഇടതു മുന്നണിയിലേക്ക് ചേക്കേറിയാൽ സിപിഐയുടെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമാണ് ഈ പ്രസ്താവനകൾക്ക് കാരണമെന്നും കെ.എം മാണി വിമർശിച്ചു.

കേരള കോൺഗ്രസിന്റെ തീരുമാനങ്ങൾക്ക് ജോസ്.കെ മാണിയെ പഴിക്കുന്നത് ശരിയല്ലെന്നും , ജോസ് കെ മാണിക്ക് എതിരെ നടക്കുന്ന ഗൂഢാലോചനയാണ് ഇതെന്നും കെ.എം മാണി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ