പാലാ: അതികായന് വിട ചൊല്ലി രാഷ്ട്രീയ കേരളം. അന്തരിച്ച കേരളാ കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണിയെ അവസാന നോക്ക് കാണാൻ പാലായിൽ വൻ തിരക്കായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കരിങ്ങോഴക്കൽ തറവാട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. മാർ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. വീട്ടിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലാ കത്തീഡ്രൽ ദേവാലയത്തിലേക്ക് പുറപ്പെട്ടു. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്.

Read More: ‘ഞാന്‍ വല്യേ ഫുട്‌ബോളറായിരുന്നു’; പേരക്കുട്ടികള്‍ക്കൊപ്പം പന്ത് തട്ടുന്ന കെ.എം.മാണി, വീഡിയോ

പാലാ കത്തീഡ്രലിലെത്തിയ ശേഷം മെത്രാൻമാർ കെ.എം.മാണിയെ അനുസ്മരിച്ച് പ്രസംഗിച്ചു. പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കുടുംബാഗങ്ങൾ അന്ത്യചുംബനം നൽകിയാണ് പാലായുടെ മാണി സാറിനെ യാത്രയാക്കിയത്.

Read More: മാണി സാറില്ലാത്ത പാലാ പാലായല്ല

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നാ​ടി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നാ​യി അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തിൽ കടകൾ ഇന്ന് അടച്ചിട്ടു. കെ.എം.മാണിയുടെ നിര്യാണത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും അനുശോചിച്ചു.