കോട്ടയം: കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി സിപിഎം പിന്തുണയിൽ വിജയിച്ചതില്‍ തനിക്കോ ജോസ് കെ മാണിക്കോ പങ്കില്ലെന്ന് കെഎം മാണി. യുഡുഎഫ് കുത്തി നോവിക്കുകയും അപമാനിക്കയും ചെയ്തപ്പോള്‍ വേദനിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

“നേരെ വാ നെരെ പോ എന്ന നിലപാടാണ് തനിക്ക്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് കരാര്‍ ലംഘനം നടത്തിയത്. പരസ്യമായി ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. കോണ്‍ഗ്രസ് ഇപ്പോള്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണെന്നും” അദ്ദേഹം കുറ്റപ്പെടുത്തി.

“സിപിഎമ്മുമായി കൂട്ടുകൂടാന്‍ തത്കാലം തീരുമാനിച്ചിട്ടില്ല. അവരുമായി കൂട്ടുകൂടാന്‍ ഒളിച്ചും പാത്തും പോകേണ്ടതില്ല. പോവുകയാണെങ്കില്‍ നേരെ പോകും. രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാരാണ് കോണ്‍ഗ്രസെന്നും” മാണി വിമര്‍ശിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 22 അംഗ സഭയിൽ എട്ടിനെതിരെ 12 വോട്ട് നേടിയാണ് കേരള കോൺഗ്രസിന്റെ സഖറിയാസ് കുതിരവേലി വിജയിച്ചു.

സ്കറിയ തോമസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) നെ ഇടതുമുന്നണിയിലെത്തിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ മാറ്റം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ജില്ല പഞ്ചായത്ത് ഇതോടെ കേരള കോൺഗ്രസിന്റെ ഭാഗത്തായി. വോട്ടെടുപ്പിൽ നിന്ന് സിപിഐ അംഗം വിട്ടുനിന്നു. പിസി ജോർജിനോട് അനുഭാവമുള്ള മറ്റൊരംഗം വോട്ട് അസാധുവാക്കി.

കോൺഗ്രസിലെ ജോഷി ഫിലിപ്പായിരുന്നു നേരത്തേ ജില്ല പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ ഇദ്ദേഹം ഡിസിസി പ്രസിഡന്റായതോടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരികയായിരുന്നു. “കെഎം മാണിയുമായും ജോസ് കെ മാണിയുമായും ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു താൻ രാജിവച്ചതെന്ന്” ജോഷി ഫിലിപ്പ് പറഞ്ഞു.

രാജിവയ്ക്കുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തെ പിന്തുണയ്ക്കാമെന്നും കേരള കോൺഗ്രസ് (എം) ഉം കോൺഗ്രസും തമ്മിൽ ഏഴുതി ഒപ്പിട്ട കരാറുണ്ടായിരുന്നു. “ഈ കരാർ കേരള കോൺഗ്രസ് അംഗങ്ങൾ പിന്മാറിയത് രാഷ്ട്രീയ വിശ്വാസ്യത തകർക്കുന്ന നടപടിയാണെ”ന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

ഇന്നലെയാണ് ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ ചേർന്ന സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അടിയന്തിര യോഗം കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ