തിരുവനന്തപുരം: നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ കെ.എം.മാണിക്ക് സഭയുടെ ആദരം. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ അപൂർവമായ ദിവസമാണ് ഇന്നത്തേതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അഭിനന്ദന പ്രസംഗത്തിൽ പറഞ്ഞു. സ്വന്തമായി പ്രത്യയശാസ്ത്രം സൃഷ്ടിച്ച വ്യക്തിയാണ് കെ.എം.മാണിയെന്നും സ്പീക്കർ പറഞ്ഞു.

അപൂർവ നേട്ടമാണ് കെ.എം.മാണി കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭയുടെ ചരിത്രത്തിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത ചരിത്രമാണിത്. ലോക പാർലമെന്ററി ചരിത്രത്തിലെ അപൂവ ബഹുമതിയാണ് മാണിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം എംഎൽഎയായി കെ.എം.മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം പൂർത്തിയാവുകയാണ്. പാലാ മണ്ഡലത്തിൽ നിന്നു തുടർച്ചയായി 13 വിജയങ്ങളിലൂടെയാണ് മാണി ഈ അപൂർവ നേട്ടം കൈവരിച്ചത്. 1965ൽ ആണു കെ.എം.മാണി ആദ്യം പാലായിൽ നിന്നു വിജയിച്ചത്. എന്നാൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേർന്നില്ല. 1967ലെ തിരഞ്ഞെടുപ്പിലും മാണി വിജയം ആവർത്തിച്ചു. മാർച്ച് 15ന് സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ