തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യ ജസീലയ്‌ക്ക് സർക്കാർ ജോലി നൽകി ഉത്തരവായി. ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകുമെന്ന് സംസ്ഥാന മന്ത്രിസഭ നേരത്തെ അറിയിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അസിസ്റ്റന്റ് വിഭാഗത്തിലാണ് ജോലി. 27,800-59,400 എന്ന ശമ്പള സ്‌കെയിലിലാണ് ജോലി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് ജോലി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 14 നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.
Read Also: ഞെട്ടിപ്പിച്ച് ഫഹദിന്റെ പുത്തൻലുക്ക്; ‘മാലിക്’ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു
ആറ് ലക്ഷം രൂപയാണ് ബഷീറിന്റെ കുടുംബത്തിനു സർക്കാർ ധനസഹായം നൽകിയത്. ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം, രണ്ട് മക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങനെയായിരുന്നു സർക്കാർ ധനസഹായം.
കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ ജാമ്യത്തിലാണ്. ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലാണെങ്കിലും ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തിട്ടില്ല.