തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കു ഹാജരായ ഒന്നാം പ്രതിയും ശ്രീറാം വെങ്കിട്ടരാമന്റെയും രണ്ടാം പ്രതി വഫ ഫിറോസിന്റെയും ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനു നേരെ അഭിഭാഷകരുടെ കയ്യേറ്റം.
കെ.എം. ബഷീർ ജോലി ചെയ്തിരുന്ന സിറാജ് ദിനപത്രത്തിന്റെ ഫൊട്ടോഗ്രാഫർ ശിവജിക്കുനേരെയാണു കയ്യേറ്റമുണ്ടായത്. വിചാരണ നടക്കുന്ന തിരുവനന്തപുരം സെഷന്‍സ് കോടതിയിൽനിന്ന് ഇറങ്ങിവരുന്ന പ്രതികളുടെ ചിത്രമെടുക്കുകയായിരുന്നു ശിവജി. ശ്രീറാം വെങ്കിട്ടരാമൻ കാറിൽ കയറിപ്പോയി. വഫ ഫിറോസിന്റെ ചിത്രമെടുക്കവെ അഭിഭാഷകർ ശിവജിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.
ശിവജിയുടെ അക്രഡിറ്റേഷൻ കാർഡ് പിടിച്ചുവാങ്ങി. മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ശിവജി, സംഭവസ്ഥലത്തെത്തിയ പൊലീസുകാരുടെ കയ്യിലേക്കു ഫോൺ കൈമാറി. സംഭവസ്ഥലത്ത് എത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനുനേരെയും അഭിഭാഷകരുടെ ഭാഗത്തുനനിന്ന് കയ്യേറ്റശ്രമമുണ്ടായി.സുരേഷിനെതിരെ മോശമായ വാക്കുകൾ ഉപയോഗിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു.
ശിവജിയും പത്രപ്രവർത്ത യൂണിയൻ നേതാക്കളും പിന്നീട് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അഭിഭാഷകരും പരാതി നൽകിയിട്ടുണ്ട്. ശിവജിയുടെ ഫോൺ പൊലീസിന്റെ പക്കലാണുള്ളത്.
അതേസമയം, കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിനുമേല്‍ വാദം ബോധിപ്പിക്കാന്‍ കോടതി ഇന്ന് ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
ഇന്ന് കോടതിയിൽ ഹാജരായ വെങ്കിട്ടരാമനും വഫയും നേരത്തെ ജാമ്യം എടുത്തതായി കാണിച്ച് മെമ്മോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോണ്ടിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്തമാസം 27ന് രണ്ടു പ്രതികളും ഹാജരാവണമെന്നും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു.
കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് കുറ്റപത്രം നല്‍കിയതിന് ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണയ്ക്കു പരിഗണിക്കുന്നത്. കേസില്‍ പ്രത്യേക സംഘം സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ ശ്രീറാമിന്റെ ആവശ്യ പ്രകാരം മജിസ്ട്രേറ്റ് കോടതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റിയ ശേഷം ആദ്യമായാണ് പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.പുലർച്ചെ ശ്രീറാം അമിതവേഗതയില്‍ ഓടിച്ച കാര്‍ കെ.എം.ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്. വാഹന ഉടമയായ വഫ ഫിറോസ് സംഭവം നടക്കുമ്പോള്‍ ശ്രീറാമിന് ഒപ്പമുണ്ടായിരുന്നു.
Also Read: മാനസ കൊലപാതകം: ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു; തോക്ക് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്