/indian-express-malayalam/media/media_files/uploads/2022/07/Sriram-Venkitaraman-.jpg)
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമെനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ എ എ പറഞ്ഞു. രണ്ടു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രതിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മുഖേന സമർപ്പിച്ച ക്രിമിനൽ റിവിഷൻ പെറ്റീഷനിൽ, അപകട സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും രക്തസാമ്പിൾ നൽകാൻ വിമുഖത കാട്ടിയിരുന്നുവെന്നും സാക്ഷികളുടെ മൊഴിയിൽ തെളിഞ്ഞിരുന്നതായി ചൂണ്ടിക്കാണിക്കുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും അപകടം നടന്ന ദിവസം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോൾ ചികിത്സ വൈകിപ്പിക്കാൻ ശ്രീറാം ശ്രമങ്ങള്‍ നടത്തിയെന്നും പെറ്റിഷന്‍ വ്യക്തമാക്കുന്നു.
ജനറൽ ആശുപത്രിയിലെ ഡോക്ടർ പ്രതിയോട് സർജനുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തെങ്കിലും അത് വകവയ്ക്കാതെ പോലീസിനെ അറിയിക്കാതെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി.
രക്തത്തിലെ മദ്യത്തിന്റെ അംശം ലയിപ്പിക്കുന്നതിനായി പ്രതി തന്റെ രക്ത സാമ്പിൾ ശേഖരിക്കുന്നത് "മനപൂർവ്വം വൈകിപ്പിച്ചു" എന്നും ഇക്കാര്യം പരിഗണിക്കുന്നതിൽ കീഴ്‌ക്കോടതി പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.