തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായി സേവനം അനുഷ്‌ഠിക്കുകയായിരുന്ന ബഷീർ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസം പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്‌ഷന് സമീപത്തായിരുന്നു അപകടം.
ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ചാണ് അപകടം വരുത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിടും വിചാരണ നടപടികൾ പൂർത്തിയായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, കോവിഡ് സേവനങ്ങൾക്ക് വേണ്ടിയാണ് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുത്തതെന്ന വിശദീകരണമാണ് സർക്കാർ നൽകിയത്.
Read Also: ക്വാറന്റൈനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞ് കോവിഡ് ഭേദമായി ആശുപത്രി വിട്ടു
സംഭവത്തിൽ മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തിയത്. അപകടസമയത്ത് ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു. ശ്രീറാമിനെ കുരുക്കിൽ നിന്നു രക്ഷിക്കാൻ നീക്കങ്ങൾ നടന്നതായി ആരോപണമുയർന്നിരുന്നു. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. ശ്രീറാമിന്റെ നിർബന്ധത്തിന് വഴങ്ങി, മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞയക്കുകയാണ് പൊലീസ് ചെയ്‌തത്.
സ്വകാര്യ ആശുപത്രിയിൽ വളരെ വൈകി നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയാത്തതോടെ കേസ് ശ്രീറാമിന് അനുകൂലമാകുകയായിരുന്നു. കാറോടിച്ചത് താനല്ല, വഫയാണെന്ന് ശ്രീറാം മൊഴി നൽകിയിരുന്നു. എന്നാൽ ഇതു നിഷേധിച്ച് വഫ തന്നെ രംഗത്തെത്തുകയായിരുന്നു. കേസിൽ പ്രതിയായ ശ്രീറാമിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ട്. ശ്രീറാമിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതായാണ് ആരോപണം. പ്രത്യേക അന്വേഷണസംഘത്തിനാണ് ഇപ്പോൾ കേസിന്റെ ചുമതല. എന്നാൽ, അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ബഷീറിന്റെ കുടുംബത്തിന്റെ അടക്കം ആരോപണം.
Read Also: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത്; പൊലീസിന്റെ വെളിപ്പെടുത്തൽ
ബഷീറിന്റെ ഭാര്യ ജസീലയ്‌ക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അസിസ്റ്റന്റ് വിഭാഗത്തിലാണ് ജോലി. വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് ജോലി നൽകിയിരിക്കുന്നത്. ഇതുകൂടാതെ കുടുംബത്തിന് ആറ് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകിയിരുന്നു. ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം, രണ്ട് മക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങനെയായിരുന്നു ധനസഹായം.