തിരുവനന്തപുരം: വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോത്തൻകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അഭിജിത്തിന്റെ കോവിഡ് പരിശോധനാ ഫലത്തിന്റെ രേഖകൾ പുറത്തായി. ഇതിൽ അഭി എം.കെ. എന്നു പേര് നൽകിയാണ് അഭിജിത്ത് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. മേൽവിലാസവും ഫോൺ നമ്പറും വേറെയാണ് നൽകിയിരിക്കുന്നത്.
Read Also: ആരോപണങ്ങൾ ഭയന്ന് വികസന പദ്ധതികൾ ഉപേക്ഷിക്കില്ല; നയം വ്യക്തമാക്കി പിണറായി
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ അഭിജിത്തിനു കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പിള്ളി എൽപി സ്‌കൂളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അഭി എം.കെ. എന്ന പേരിൽ പരിശോധന നടത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് അധികൃതർ ഈ വ്യക്തിക്കായി അന്വേഷണം നടത്തി. എന്നാൽ, അന്വേഷണം നടത്തിയപ്പോൾ അങ്ങനെ ഒരാൾ ഇല്ലെന്നും ഈ പേരിൽ പരിശോധന നടത്തിയത് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ആണെന്നും തിരിച്ചറിഞ്ഞു. തുടർന്നാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകിയത്.