തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുട്ടികളുടെ ഭാവിയെ കരുതിയാണ് ഓർഡിനൻസ് പുറത്തിറക്കിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് പിഴവ് സംഭവിച്ചിട്ടില്ല. സർക്കാരിനല്ല, കോളേജുകൾക്കാണ് തിരിച്ചടി നേരിട്ടത്. കോടതി പറയുന്നതുപോലെ മുന്നോട്ടു പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അധികാരങ്ങൾക്ക് മേലുളള കടന്നു കയറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. 2016-17 വര്‍ഷത്തേക്ക് ഈ രണ്ടു കോളേജുകളിലേക്കുമുള്ള പ്രവേശനം കോടതി തടയുകയും ചെയ്തിരുന്നു. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓർഡിനൻസിലൂടെ ഈ കോളേജുകളിലേക്ക് വിദ്യാർത്ഥി പ്രവേശനം നടത്താനായിരുന്നു സർക്കാരിന്റെ ശ്രമം. ഈ നീക്കത്തെയാണ് സുപ്രീം കോടതി തടഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ