scorecardresearch
Latest News

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, ഈ ദിനം മറക്കില്ലെന്ന് കെ.കെ.ശൈലജ

രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയായി ഇന്നലെ ചുതലയേറ്റ വീണ ജോർജും സിസ്റ്റർ ലിനിയെ സ്മരിച്ചിട്ടുണ്ട്

lini, ie malayalam

തിരുവനന്തപുരം: നിപ്പയെന്ന മഹാവ്യാധിയോട് പോരാടി ജീവൻ വെടിഞ്ഞ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വർഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേയാണ് നിപ്പ വൈറസ് ബാധിച്ച് നഴ്സ് ലിനി മരണമടഞ്ഞത്. ലിനിയുടെ ഓർമ്മകൾക്ക് മരണമില്ലെന്നും ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

കെ.കെ.ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

”ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി.രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം. നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ…

രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയായി ഇന്നലെ ചുതലയേറ്റ വീണ ജോർജും സിസ്റ്റർ ലിനിയെ സ്മരിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് ആരോഗ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

വീണ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ധീരമായ ഓർമ്മകൾ ശേഷിപ്പിച്ച് സിസ്റ്റർ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വർഷം. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനി. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നല്‍കുകയാണ്. ലിനിയുടെ ഓര്‍മ്മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.

കേരളത്തെ ഭീതിയിലാക്കിയ നിപ്പ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല .2018 മേയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പ രോഗം പകര്‍ന്നുവെന്നുവെന്ന് സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മ്മകള്‍ പുതുക്കാം. വിശ്രമമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kk shylaja veena george remembering sister lini502217