തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു മാസത്തേക്കുള്ള മരുന്ന് സ്റ്റോക്കുണ്ടെന്നു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയവ സംബന്ധിച്ച് സ്ഥിരമായി കഴിക്കുന്ന മുപ്പതോളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്.

മരുന്നുകളുടെ പ്രധാന വിതരണ കമ്പനികളെല്ലാം എറണാകുളം, തൃശൂര്‍ ജില്ലകളിലാണുള്ളത്. ഇവിടെനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മരുന്ന് കൊണ്ടുപോകാന്‍ പ്രധാന കമ്പനികളുടെ വാഹനങ്ങള്‍ക്കു പാസ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്പനികള്‍ മരുന്ന് കൊണ്ടുപോകുന്നത് കൊറിയര്‍ വഴിയാണ്. ആ പ്രശ്നവും പരിഹരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൊറിയര്‍ എത്താന്‍ പറ്റാത്തതിനാല്‍ പകരം വാഹന സൗകര്യം എര്‍പ്പെടുത്തി.

Read Also: Covid-19: കേരളത്തിൽ ചികിത്സയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ്, ഒൻപത് പുതിയ കേസുകൾ

അട്ടപ്പാടിയില്‍ സ്വകാര്യ ബസ് മുഖേനയാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. അതിനു തടസം വന്നപ്പോള്‍ മണ്ണാര്‍ക്കാട്ടുനിന്നു പ്രത്യേക വാഹനം ഏര്‍പ്പെടുത്തി. ഇവയെല്ലാം അതതു മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തിക്കുന്നുണ്ട്.

മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ജില്ലാ ഇന്‍സ്പെക്ടര്‍മാരുടെ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ മരുന്നെത്തിക്കും. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ 7403006100 എന്ന നമ്പരിലേക്കും ബന്ധപ്പെടാം. സര്‍ക്കാര്‍ ആശുപത്രികളില്‍ കെഎംഎസ്‌സിഎല്‍ മുഖേന ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook