തിരുവനന്തപുരം: മന്ത്രി കെ.കെ.ശൈലജയുമായി ഡബ്ല്യൂസിസി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്റ് എന്നിവര്‍ മന്ത്രി ശൈലജയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി സെല്‍ രൂപികരിക്കണമെന്ന് മന്ത്രി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പറഞ്ഞു.

അതേസമയം, കെപിഎസി ലളിത ഇടത് സഹയാത്രികയാണെങ്കിലും അവര്‍ ഒരു സംഘടനയുടെ പ്രതിനിധിയായാണ് പ്രതികരിച്ചത്. അതിന്റെ ശരി തെറ്റ് അവര്‍ മനസ്സിലാക്കും. അതിനെ എതിര്‍ക്കുകയോ ഉള്‍കൊള്ളുകയോ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ പത്രസമ്മേളനത്തിനിടെ ലളിത നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

അമ്മ അംഗങ്ങളായ സിദ്ദിഖും കെപിസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നടിമാര്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും രാജി വച്ചവര്‍ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെയെന്നുമാണ് കെപിഎസി ലളിത ഇന്നലെ പറഞ്ഞത്. കെപിഎസി ലളിതയുടെ പ്രസ്താവനയ്‌ക്കെതിരെ നടിമാര്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook