scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരായ പ്രതികരണം: പിന്തുണയുമായി കൂടുതൽ പേർ

ആണധികാരത്തിൻ്റെ സാഹിത്യത്തിനെതിരായ പോരാട്ടത്തിൽ എല്ലാ സ്ത്രീകൾക്കൊപ്പം പങ്കാളികളാകുന്നുവെന്ന് ഡബ്ലുസിസി

KK Shailaja, കെ.കെ.ശെെലജ, Vijay P Nair, വിജയ് പി നായർ, Bagyalakshmi, ഭാഗ്യലക്ഷ്‌മി, wcc, fefka, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: യൂട്യൂബിൽ അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരേ പ്രതികരിച്ച നടപടിയിൽ ശബ്ദ കലാകാരി ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്. നേരത്തേ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ഇതിന് പിറകേ ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, ചലച്ചിത്ര രംഗത്തെ വനിതകളുടെ സംഘടനയായ വിമൺ ഇൻ സിനിമാ കലക്ടീവ് എന്നിവയും ഇവർക്ക് പിന്തുണ അറിയിച്ചു.

വിജയ് പി.നായരുടേത് ഹീനമായ പ്രവൃത്തി, ഭാഗ്യലക്ഷ്‌മിയെയും കൂട്ടരെയും അഭിനന്ദിക്കുന്നു: കെ.കെ.ശൈലജ

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അധിക്ഷേപിച്ച ഡോ.വിജയ് പി.നായർക്കെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. യൂട്യൂബ് ചാനലിലൂടെ വളരെ മോശം പരാമർശമാണ് വിജയ് പി.നായർ സ്‌ത്രീകൾക്കെതിരെ നടത്തിയത്. ഇയാൾക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വിജയ് പി.നായർക്കെതിരെ പ്രതിഷേധിച്ച് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. ഇതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല. ഭാഗ്യലക്ഷ്‌മിയും കൂട്ടരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചതിൽ സന്തോഷമുണ്ട്, അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാർഗം പിന്നീട് ചർച്ച ചെയ്യാം. പ്രതികരണം ഏത് അറ്റംവരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: നിസാരമല്ല കാര്യങ്ങൾ, കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം: കെ.കെ ശൈലജ

വിജയ് പി.നായരുടേത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണെന്നും അത്തരം വൃത്തികെട്ടയാളുകളെ മാറ്റി നിർത്താൻ സ്‌ത്രീ-പുരുഷ സമൂഹം ഒന്നിച്ച് ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്‌മിക്കും ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കൽ എന്നിവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിജയ് പി.നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ആണധികാരത്തിൻ്റെ സാഹിത്യത്തിനെതിരായ പോരാട്ടത്തിൽ എല്ലാ സ്ത്രീകൾക്കൊപ്പം പങ്കാളികളാകുന്നുവെന്ന് ഡബ്ല്യുസിസി

യൂട്യൂബിൽ അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരേ പ്രതികരിച്ച നടപടിയിൽ ശബ്ദ കലാകാരി ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ക്ക് പിന്തുണയുമായി വുമൺ ഇൻ സിനിമ കലക്ടീവ്. ബലാത്സംഗങ്ങൾക്ക് പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്ക്കുന്ന സാമൂഹിക മാധ്യമങളിലെ യു-ട്യൂബ് സാഹിത്യം ആണധികാരത്തിൻ്റെ സാഹിത്യമാണ്. അതിനെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാ സ്ത്രീകൾക്കൊപ്പം ഡബ്ലു.സി.സി.യും പങ്കാളികളാകുന്നുവെന്നും സംഘടന വ്യക്തമാക്കി.

ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്. അതു കൊണ്ട് തന്നെ യു ട്യൂബിൽ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന ദുർബലമായ വകുപ്പുകൾ ചുമത്തുമ്പോൾ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ലെന്നും സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ദുർബലമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകൾക്ക് പൊതു ഇടത്ത് എന്ന പോലെ സൈബർ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമൺ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങൾ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്‌. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്. ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തിൽ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിൻ്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബർ വിദഗ്ദരുമായി ഡബ്ലു.സി.സി. നിരവധി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബർ നയവും.

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം അതുകൊണ്ട് തന്നെ വ്യക്തിപരമായി കാണാനാകില്ല . അത് എല്ലാ സ്ത്രീകൾക്കും എതിരായത് കൊണ്ട് തന്നെ ഞങ്ങൾക്കെതിരെയുമാണ്. ബലാത്സംഗങ്ങൾക്ക് പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്ക്കുന്ന സാമൂഹിക മാധ്യമങളിലെ യു-ട്യൂബ് സാഹിത്യം ആണധികാരത്തിൻ്റെ സാഹിത്യമാണ്. അതിനെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാ സ്ത്രീകൾക്കൊപ്പം ഡബ്ലു.സി.സി.യും പങ്കാളികളാകുന്നു. ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്. അതു കൊണ്ട് തന്നെ യു ട്യൂബിൽ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന ദുർബലമായ വകുപ്പുകൾ ചുമത്തുമ്പോൾ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല. ഇക്കാര്യത്തിൽ വനിതാ കമ്മീഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത് . അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല.

ഭാഗ്യലക്ഷ്മിയോട്‌ ഐക്യദാർഢ്യം; ഇത് നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക

സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നയത്തിയ ഡോക്ടർ വിജയ് പി നായർക്കെതിരേ പ്രതികരിച്ച ശബ്ദ കലാകാരി ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമാ രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. ഭാഗ്യലക്ഷ്മിക്ക് ഫെഫ്ക‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്‌, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഫെഫ്ക ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സംഘടന വ്യക്തമാക്കി.

തീർച്ഛയായും നിയമം കൈലെടുക്കുന്ന വാൻഡവലിസം എതിർക്കപ്പെടേണ്ടതാണ്‌. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക്‌ ഇതിനെ കാണാൻ കഴിയൂവെന്നും സംഘടന പറഞ്ഞു.

അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമയാണ് ഭാഗ്യലക്ഷ്മിയെന്നും ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്നും സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫെഫ്കയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

സൈബർ ലോകത്ത്‌ നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്‌. അതിൽ ചലച്ചിത്രരംഗത്ത്‌ പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്‌. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്‌. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്‌. തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്‌. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക്‌ ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട്‌ ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്‌, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kk shailaja vijay p nair feminist bagyalakshmi diya sana