കണ്ണൂർ: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇ.പി.ജയരാജൻ. ഇത് സംബന്ധിച്ച തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഇ.പി.ജയരാജൻ വിട്ടു നിൽക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. കെ.കെ.ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പ് എൽജെഡിക്ക് നൽകും.
ഇരിക്കൂർ കേരള കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനമായിട്ടുണ്ട്. തളിപ്പറമ്പിൽ എം.വി.ഗോവിന്ദന്റെയും പയ്യന്നൂരിൽ ടി.ഐ.മധുസൂദനന്റെയും പേരുകൾ പരിഗണനയിലുണ്ട്. തലശേരിയിൽ എ.എൻ.ഷംസീർ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. പി.ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചു പരാജയപ്പെട്ട പി.ജയരാജന്റെ കാര്യത്തിൽ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരിൽ ഇടത് സ്വതന്ത്രനെയിറക്കി ഭാഗ്യ പരീക്ഷണം നടത്താനാണ് നീക്കം.
അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക് നൽകാമെന്നാണ് സിപിഎം നൽകിയിരിക്കുന്ന ഉറപ്പ്. ഒരു സീറ്റുകൂടി ലഭിക്കുമെങ്കിലും, തെക്കൻ കേരളത്തിൽ വേണമെന്ന ആവശ്യത്തിലാണ് എൽജെഡി. തിരുവല്ല, ചിറ്റൂർ, കോവളം, അങ്കമാലി സീറ്റുകളാണ് ജനതാദൾ എസിന് ലഭിക്കുക. സി.കെ.നാണുവിന്റെ സിറ്റിങ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്.
Read More: ജില്ലാ നേതൃത്വത്തിന്റെ സമ്മർദം; തോമസ് ഐസക്കും ജി.സുധാകരനും വീണ്ടും മത്സരിച്ചേക്കും
വൈപ്പിൻ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ എസ്.ശർമ അനാരോഗ്യ പ്രശ്നം പാർട്ടിയെ അറിയിച്ചിട്ടുണ്ടെങ്കിലും, വിജയ സാധ്യത പരിഗണിച്ച് എസ്ശർമയെ തന്നെ വീണ്ടും മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്നത്തെ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും.
കേരള കോൺഗ്രസ് എമ്മിന് വിട്ട് നൽകുന്ന സീറ്റുകളിൽ എൽഡിഎഫിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സിപിഐയുമായി നടന്ന ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കഴിഞ്ഞ തവണ 27 സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് രണ്ടുസീറ്റുകളെങ്കിലും കുറയും. ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാതിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കുമ്പോൾ അതേ ജില്ലകളിൽ പകരം സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടു. പൂഞ്ഞാറോ ചങ്ങനാശേരിയോ ആണ് കാഞ്ഞിരപ്പള്ളിക്ക് പകരം ആവശ്യപ്പെടുന്നത്. ഇരിക്കൂറിനു പകരം കണ്ണൂരും.