കോട്ടയം: ശബരിമലയെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ശബരിമലയില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സത്യവാങ്മൂലം നിലനില്‍ക്കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് രോഗികളുടെ എണ്ണമുയരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭയപ്പെടേണ്ട രീതിയിലുള്ള വർധനവ് ഉണ്ടാകില്ല. നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും കര്‍ശനമായി നിബന്ധനകള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More: ‘പൂതന’ പ്രയോഗം; പോരിനുറച്ച് ശോഭ, ജനം വിലയിരുത്തുമെന്ന് കടകംപള്ളി
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പൂതന പരാമർശത്തെ കെ.കെ.ശൈലജ വിമർശിച്ചു. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വളരെ മോശം പരാമർശം നടത്തുന്നതെന്നും ഇത് ജനം അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കഴക്കൂട്ടത്തെ സിപിഎം സ്ഥാനാർഥിയും ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ നടത്തിയ പൂതന പ്രയോഗമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്‌ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൂതന പ്രയോഗത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് പിന്നീട് ശോഭ ആവർത്തിക്കുകയും ചെയ്തു.
എന്നാൽ, ശോഭയുടെ പൂതന പ്രയോഗത്തോട് കടകംപള്ളി മിതഭാഷയിലായിരുന്നു പ്രതികരിച്ചത്. പൂതന പ്രയോഗത്തെ കുറിച്ചുള്ള ചോദ്യത്തിനു ‘ജനം വിലയിരുത്തട്ടെ’ എന്നായിരുന്നു കടകംപള്ളി മറുപടി നൽകിയത്. താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിൽ വളര്‍ന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.