തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ച വിഷയത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകയായ ലോറ സ്പിന്നി.

ലോറ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രത്തില്‍ ആരോഗ്യമന്ത്രിയെ കേരളത്തിന്റെ ‘റോക്ക് സ്റ്റാര്‍’ എന്ന് വിശേഷിപ്പിച്ച് മെയ് 14-ന് ലേഖനം എഴുതിയിരുന്നു. ലോറ മന്ത്രിയെ ‘റോക്ക് ഡാന്‍സര്‍’ എന്ന് വിളിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. കൂടാതെ, കേരള സര്‍ക്കാരിനു വേണ്ടി പിആര്‍ ജോലി ചെയ്യുകയായിരുന്നു ലോറയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 എന്നാല്‍ വാര്‍ത്തയെ രാഷ്ട്രീയവല്‍ക്കരിക്കണമെങ്കില്‍ അത് മുല്ലപ്പള്ളിയുടെ അവകാശമാണെന്ന് ലോറ ട്വീ റ്റില്‍ പറയുന്നു. കൂടാതെ, മന്ത്രിയെ റോക്ക്സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് താനല്ല എന്നും മറ്റുള്ളവരുടെ വിശേഷണം റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചത് ആണ് എന്നും അവര്‍ പറഞ്ഞു.

നിപാ വൈറസിനെ മന്ത്രി വിജയകരമായി കൈകാര്യം ചെയ്തത് ഒരു സിനിമയ്ക്കും വിഷയമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച്ച മുല്ലപ്പള്ളി ആരോഗ്യമന്ത്രിയെ നിപാ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനത്തില്‍ വിശദീകരണവുമായി എത്തിയപ്പോഴാണ് ഗാര്‍ഡിയന്‍ പത്രം ശൈലജയെ റോക്ക്ഡാന്‍സര്‍ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ ചടുലമായ നീക്കങ്ങള്‍ നടത്തിയെന്ന അര്‍ത്ഥത്തിലാണ് ആ വാക്ക് പ്രയോഗിച്ചിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അദ്ദേഹം ഗാര്‍ഡിയന്‍ ചെയ്തത് പിആര്‍ ജോലിയാണെന്നും വിശേഷിപ്പിച്ചു. നിപാ രോഗത്തിന്റെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിച്ചതിന്റെ ക്രഡിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും അത് ആരോഗ്യമന്ത്രിക്കുള്ളതല്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം.

Read Also: അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല, ലിനിയുടെ കുടുംബത്തെ വേട്ടയാടരുത്: മുഖ്യമന്ത്രി

ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളി ഉണ്ടായില്ല

ആരോഗ്യമന്ത്രിയെ മുല്ലപ്പള്ളി വിമര്‍ശിച്ചതിനെതിരെ നിപാ രക്തസാക്ഷിയായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്തെത്തിയിരുന്നു. വടകര എംപിയായിരുന്നിട്ടും മുല്ലപ്പള്ളി ഒരു ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് സജീഷ് പറഞ്ഞിരുന്നു.

കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നിയെന്ന് സജീഷ് പറഞ്ഞിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തിലൊന്നും താന്‍ ജീവിക്കുന്ന അന്ന് വടകര മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ലെന്ന് സജീഷ് പറഞ്ഞു.

ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ശൈലജ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. അവസം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ തന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിയുടെ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.