/indian-express-malayalam/media/media_files/uploads/2020/03/KK-Shailaja.jpg)
തിരുവനന്തപുരം: ഇരട്ടക്കുട്ടികൾ പ്രസവത്തിൽ മരിച്ച സംഭവം ദൗർഭാഗ്യകരമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് എല്ലാ ആശുപത്രികളോടും അഭ്യർത്ഥിക്കുന്നുവെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ. സംഭവത്തിൽ വളരെ വ്യക്തമായി അന്വേഷണം നടത്തി ആരെങ്കിലും അവരെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് യുവതിയെ കോഴിക്കോട് നഗരത്തിലെ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്തത് അവർ അത്തരത്തിൽ ആവശ്യപ്പെടുന്നതായി ഒരു ഡോക്ടർ അറിയിച്ചതിനെത്തുടർന്നാണെന്ന് പ്രാഥമിക അന്വേേഷണത്തിൽ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.ഫെയ്സ്ബുക്ക് ലൈവിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
"ഈ കാര്യത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് പറയുന്നത്. 26-09ന് പുലർച്ചെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തു. അപ്പോൾ അവിടെ ഡ്യൂട്ടിയിലുള്ള ഡോക്ടർ പരിശോധിക്കുകയും പ്രസവം തുടങ്ങാൻ ലക്ഷണമില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു എന്നാണ് അവിടെ അന്വേഷിച്ചപ്പോൾ മനസ്സിലായത്," മന്ത്രി പറഞ്ഞു.
"നേരത്തേ നടുവേദനയുണ്ടായിരുന്ന യുവതിയെ അവിടെ ഇക്കാരണത്താൽ അഡ്മിറ്റ് ചെയ്തു. എന്നാൽ യുവതിയുടെ പരിചയക്കാരനായ ഒരു ഡോക്ടർ ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞത് അവർ ഇവിടെ കോവിഡ് ആശുപത്രിയായതിനാൽ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു എന്നാണ്. അത് അനുസരിച്ച് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ എഴുതി. കോട്ടപ്പറമ്പിൽ പോയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുന്നതാണ് ഉചിതം എന്ന് രോഗിയോട് പറഞ്ഞു."
"നിർഭാഗ്യവശാൽ കോഴിക്കോടേക്ക് പോവുന്നതിന് പകരം അവർ ഓമശ്ശേരിയിലേക്കും കോഴിക്കോടുള്ള മറ്റൊരു സ്വകാര്യ അശുപത്രിയിലേക്കും അവർക്ക് പോവേണ്ടി വന്നു. പെട്ടെന്ന് എത്തിച്ചേരുന്ന ഒരിടത്ത് പോവുക എന്നതിനാവും അവർ ശ്രമിച്ചിട്ടുണ്ടാവുക. ഇരു സ്ഥലത്തുനിന്നും ആൻറിജൻ ടെസ്റ്റ് പോര ആർടിപിസിആർ ടെസ്റ്റ് വേണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്നാണ് യുവതിയുടെ ഭർത്താവ് ഡിഎംഒയെ വിളിച്ചത്. അപ്പോൾ തന്നെ അവരെ താൻ തിരിച്ചു വിളിച്ചു. അവരോട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിക്കാൻ നിർദേശിക്കുകയും അവിടെ അതിനുള്ള ക്രമീകരണങ്ങൾ വരുത്തുകയും ചെയ്തു." മന്ത്രി പറഞ്ഞു.
"പ്രാഥമിക അന്വേഷണമാണ് നടന്നത്. ഇവരെ കോഴിക്കോട് നിന്ന് മാറ്റാൻ ആരെങ്കിലും ശ്രമം നടത്തിയെങ്കിൽ നടപടിയെടുക്കും. ദൗർഭാഗ്യകരമായ സംഭവമാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് എല്ലാ ആശുപത്രികളോടും അഭ്യർത്ഥിക്കുന്നു," എന്നും മന്ത്രി പറഞ്ഞു.
തിരുവന്തപുരത്ത് മെഡിക്കൽ കോളേജിൽ രോഗിയുടെ ശരീരത്തിലെ വ്രണത്തിൽ പുഴുക്കൾ വന്ന സംഭവം ഗൗരവകരമായ വിഷയമാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കമെന്നും മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us