തിരുവനന്തപുരം: കൂട്ടമരണം ഉണ്ടാക്കി ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെകെ ശൈലജ. അത് ഒഴിവാക്കാന്‍ ആണ് യുവതികളെ പൊലീസ് തിരികെ അയച്ചത്. പ്രതിഷേധക്കാര്‍ എന്ന പേരില്‍ പച്ചത്തെറിയും അക്രമവും നടത്താന്‍ ആളുകളെ അയച്ചവര്‍ ആണ് ഇതിനു മറുപടി നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.

ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ തമിഴ്‌നാട്ടില്‍നിന്നുളള മനിതി സംഘത്തിനുനേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. ചെന്നൈയിലേക്ക് പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഘത്തിനുനേരെ ബിജെപി പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് വികലാംഗര്‍ക്കുളള കമ്പാര്‍ട്‌മെന്റിലാണ് സംഘത്തെ കയറ്റിവിട്ടത്.

നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍വച്ചും സംഘത്തിന് നേരെ ആക്രമണമുണ്ടായി. സംഘത്തിനുനേരെ ചീമുട്ടയെറിഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ ചാണകവെള്ളം തളിച്ച് കര്‍മ സമിതി പ്രവര്‍ത്തകര്‍ ശുദ്ധിയാക്കി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സംഘം തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന മനിതി സംഘടനയിലെ അംഗങ്ങള്‍ ഇന്നലെയാണ് തമിഴ്‌നാട്ടില്‍നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധം മൂലം ഇവര്‍ക്ക് മല ചവിട്ടാന്‍ കഴിഞ്ഞില്ല.

മലപ്പുറം സ്വദേശിയായ കനക ദുര്‍ഗയും കോഴിക്കോട് സ്വദേശിയായ ബിന്ദു കല്യാണിയുമാണ് ഇന്ന് രാവിലെ ശബരിമലയിലെത്തിയത്. എന്നാല്‍ സന്നിധാനത്തെത്താതെ തിരിച്ചിറങ്ങി. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇരുവരേയും തിരിച്ചിറക്കുകയായിരുന്നു. ഇതേസമയം, കനക ദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിനു മുന്നിലും ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീടിന് മുന്നിലും പ്രതിഷേധക്കാര്‍ തമ്പടിച്ച് നാമജപം നടത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.