തിരുവനന്തപുരം: പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലർ തനിക്കെതിരേ രാഷ്ട്രീയപ്രേരിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഒരു പാവപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ആർഎസ്എസുകാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം കേസിൽ പ്രതിയായ അധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറേ ദിവസങ്ങളായി പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമർശം നടത്തിക്കൊണ്ട് പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് സംബന്ധിച്ച നിജസ്ഥിതി നാട്ടിലെ ബഹുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും  മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.  തൻ്റെ നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ പ്രശ്നത്തില്‍ എംഎൽഎ എന്ന നിലയിൽ ഇടപെടാന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ തിരക്കിനിടയിലും ഞാൻ സമയം കണ്ടെത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Read More: പുകമറയ്‌ക്ക് അൽപ്പായുസേയുള്ളൂ, യഥാർഥ്യം പുറത്തുവരും; ആത്മവിശ്വാസത്തോടെ പിണറായി

പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മാവനും, ആക്ഷൻ കമ്മിറ്റി ചെയർമാനും, മറ്റു കമ്മിറ്റി അംഗങ്ങളും ഡി. വൈ. എസ്. പിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാൻ നിൽക്കുകയായിരുന്നു. അവരുടെ മുന്നിൽ വച്ച് തന്നെ ഡി.വൈ.എസ്.പിയോട് ആ കേസിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും കെ കെ ശൈലജുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

കുറേ ദിവസങ്ങളായി പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമർശം നടത്തിക്കൊണ്ട്…

Posted by K K Shailaja Teacher on Saturday, 18 July 2020

പിന്നീട് പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്ന് കണ്ടപ്പോൾ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും  ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയർന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് അന്വേഷണം ശക്തമാക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

Read More: പിണറായിക്ക് പേടിയുള്ളത് പാർട്ടിയെ മാത്രം, ആർക്കും അപ്രമാദിത്തമില്ല: കോടിയേരി

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കുന്ന സമയത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇടക്കാല കുറ്റപത്രം സമർപ്പിക്കുകയാണെന്നും പോക്സോ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.  സർക്കാർ ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്. പെൺകുട്ടിയുടെ കുടുംബവുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ആ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.