തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ്. നിപയെ പ്രതിരോധിച്ചതു പോലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കേരളത്തിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപുതന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അതീവ ജാഗ്രതയാണ് സംസ്ഥാനത്ത് പുലർത്തിയിരുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശെെലജ നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്‌ച നടത്തി.

കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. തൃശൂരില്‍ വേറെ മൂന്ന് വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രി ഉടന്‍ തൃശൂരിലെത്തുമെന്നും അറിയിച്ചു.

Read Also: ആരോഗ്യമന്ത്രി തൃശൂരിലേക്ക്; അനാവശ്യഭീതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

നിപ വെെറസ് ബാധയെ പ്രതിരോധിക്കാൻ കോഴിക്കോട് വലിയ സജ്ജീകരണങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയിരുന്നത്. അതിനു സമാനമായ പ്രതിരോധ നടപടികൾ തൃശൂരിൽ ആരോഗ്യവകുപ്പ് സജ്ജീകരിക്കും. തൃശൂരിൽ പ്രത്യേക ഐസോലേഷൻ വാർഡുകൾ തുറക്കും. സംശയമുള്ളവരെ നിരീക്ഷണത്തിനു വിധേയമാക്കും. സംസ്ഥാനത്തെ മികച്ച ഡോക്‌ടർമാരുടെ സഹായം ലഭ്യമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സ്വീകരിക്കും.

രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രാധാന്യം നൽകിയായിരിക്കും നടപടികൾ സ്വീകരിക്കുക. സ്വകാര്യ ആശുപത്രികൾക്കും വേണ്ടത്ര നിർദേശങ്ങൾ നൽകി കഴിഞ്ഞതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ അടിയന്തര ഘട്ടങ്ങളെയും നേരിടാൻ ആരോഗ്യവകുപ്പ് തയാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ വ്യക്തമാക്കി.

തൃശൂർ ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ഐഡിഎസ്‌പി:0487 2320466, ഡോ.സുമേഷ് :9895558784, ഡോ.കാവ്യ:9961488260, ഡോ.പ്രശാന്ത്:94963311645, ഡോ.രതി:9349171522

വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഡൽഹിയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നു സ്ഥിരീകരിച്ചു.

Read Also: വിവാഹ മംഗളാശംസകൾ ചക്കരേ… ഭാമയ്ക്ക് ആശംസകൾ നേർന്ന് താരങ്ങൾ

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ 170 പേർ മരിച്ചതായാണു ലോക മാധ്യമങ്ങൾ നൽകുന്ന വിവരം. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മരണസംഖ്യ 132 ആണ്. പുതിയതായി ആയിരത്തിലധികം ആളുകൾക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.