തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെെകീട്ട് 4.30 ഓടെയാണ് ആംബുലൻസ് അമൃത ആശുപത്രിയിലെത്തിയത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടതിന് പിന്നാലെയാണ് കുട്ടിയെ അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. അഞ്ചര മണിക്കൂർ കൊണ്ടാണ് മംഗലാപുരത്ത് നിന്ന് അമൃതയിലെത്തിയത്.

Read More: ഓരോ നിമിഷവും വിലപ്പെട്ടതാണ്; എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അതിനിടയിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. തൃശൂരിലെത്തിയപ്പോഴാണ് ചികിത്സ അമൃതയിൽ നടത്താമെന്നും ചെലവുകൾ സർക്കാർ വഹിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More: തൃശൂരില്‍ സജ്ജീകരണമൊരുക്കണമെന്ന് നിര്‍ദേശം; ആംബുലന്‍സ് എടപ്പാളില്‍

കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രസ് റിലീസിൽ അറിയിച്ചു. എന്നാൽ, കുട്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ കൂടുതൽ വ്യക്തതയോടെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ സാധിക്കൂ എന്നാണ് അമൃത ആശുപത്രി അധികൃതർ പറയുന്നത്.

കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാൽ എയർ ലിഫ്റ്റിംഗ് സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനാലാണ് വ്യോമമാർഗം ഉപേക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.