കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാകാതെ കഷ്ടപ്പെടുന്ന രണ്ടു വയസ്സുകാരി നിയയ്ക്ക് സഹായവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെത്തി. കണ്ണൂർ പെരളശ്ശേരിയിലെ വീട്ടിലെത്തിയ മന്ത്രി കുഞ്ഞിന് ശ്രവണ സഹായി നല്‍കി. മാധ്യമങ്ങളുടെ വാര്‍ത്തകള്‍ കണ്ട് ഇന്ന് രാവിലെ നിയയുടെ വീട്ടിലെത്തുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

ജന്മനാ കേള്‍വി ശേഷിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്തതായിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കിടയില്‍ ശ്രവണ സഹായിക്ക് (സ്പീച്ച് പ്രോസസര്‍) മോഷണം പോയതോടെ നിയമോള്‍ക്ക് വീണ്ടും ശബ്ദത്തിന്റെ ലോകം നഷ്ടമായി. നാല് ലക്ഷത്തിലധികം വില വരുന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു കുടുംബം. ഈ വിവരം ഉടനെ തന്നെ അറിഞ്ഞ് ഇടപെട്ടാണ് പകരം സ്പീച്ച് പ്രോസസര്‍ നല്‍കാന്‍ നടപടിയെടുത്തതെന്ന് കെ.കെ ശൈലജ അറിയിച്ചു.
താത്കാലിക ഉപകരണമാണ് കുഞ്ഞിനായി നല്‍കിയിരിക്കുന്നത്. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നേരത്തേതിന് സമാനമായ സ്ഥിരം സംവിധാനം നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അരമണിക്കൂര്‍ കുഞ്ഞിനൊപ്പം ചെലവഴിച്ചാണ് മന്ത്രി തിരിച്ച് പോയത്.

ചാലക്കുന്നിലെ നിയമോളുടെ വീട്ടിലെത്തി സ്പീച്ച് പ്രോസസര്‍ നിയയുടെ കാതുകളില്‍ വെച്ചുകൊടുത്തതായി മന്ത്രി പറഞ്ഞു. ‘കുഞ്ഞു കാതുകളില്‍ വീണ്ടും ശബ്ദങ്ങള്‍ തെളിഞ്ഞതോടെ അവള്‍ സന്തോഷത്തിലായി. ഇരുകൈകളും കൊണ്ട് ചേര്‍ത്ത് പിടിച്ച് ഉമ്മനല്‍കിയാണ് സന്തോഷം പ്രകടിപ്പിച്ചത്. നിയമോള്‍ക്ക് പുതിയ സ്പീച്ച് പ്രോസസര്‍ കിട്ടുന്നതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി സര്‍വ്വീസ് ചെയ്ത പഴയ പ്രോസസറാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. പുതിയ സ്പീച്ച് പ്രോസസര്‍ രണ്ടാഴ്ചക്കകം നല്‍കും. സാമൂഹ്യ സുരക്ഷ മിഷന്‍ വഴി വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്പീച്ച് പ്രോസസര്‍ നല്‍കുന്നത്,’ മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.