തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ്-19 വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ നാല് ലക്ഷത്തിലധികം പേർ വാക്‌സിനെടുത്തെന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വരും ദിവസങ്ങളിൽ വാക്‌സിൻ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിൻ സ്വീകരിച്ച ആർക്കും തന്നെ ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകൾ വാക്‌സിനെടുക്കാൻ വിവിധ ജില്ലകളിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷൻ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ കൂടുതൽ ആളുകൾക്ക് ഒരേസമയം വാക്‌സിൻ നൽകാൻ സാധിക്കും. മുൻഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിൻ എടുക്കേണ്ടതാണ്. പേര് റജിസ്റ്റർ ചെയ്തുവേണം വാക്‌സിൻ എടുക്കാനെന്നും ശൈലജ ടീച്ചർ പറഞ്ഞു.

Read Also: കോവിഡ് 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം: ലോകാരോഗ്യ സംഘടന

“വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാൽ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളിൽ വാക്‌സിൻ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു. കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിമാരിൽ ആദ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.