കേരളത്തിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ചിട്ട് ആറ് മാസം പിന്നിടുമ്പോഴും ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പ്രതിദിനം 4.01 ശതമാനം എന്ന നിലയിലാണ് കേരളത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ നിരക്കിനേക്കാൾ കൂടുതലാണെന്ന് മാത്രമല്ല, കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാല് മടങ്ങായാണ് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതെന്നും സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നടത്തുന്ന ഓരോ മുന്നേറ്റത്തെയും നടപടികളെയും ലോകസമൂഹം തന്നെ ശ്രദ്ധിക്കുന്ന തരത്തിൽ മികച്ചതാക്കാൻ സർക്കാരിന് സാധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന് നയിച്ച് പ്രശംസ അർഹിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തിയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. സെപ്റ്റംബർ മാസത്തോടെ രോഗികളുടെ എണ്ണത്തിൽ വലിയൊരു കുതിപ്പ് തന്നെ പ്രതീക്ഷിക്കുമ്പോൾ, പ്രതിരോധ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തി ജോലി സ്ഥലത്ത് എങ്ങനെ സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് മന്ത്രി സംസാരിക്കുന്നു.

കോവിഡിൽ നിന്ന് മാറിനിൽക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് മന്ത്രി എടുക്കുന്നത്?

മറ്റുള്ളവരോട് പിന്തുടരാൻ ഞാൻ അഭ്യർത്ഥിക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഞാനും പിന്തുടരുന്നു. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ആരംഭിച്ചതുമുതൽ ഒരു പ്രോട്ടോക്കോളും ലംഘിക്കാതെയാണ് പോകുന്നത്. ഞാൻ ശാരീരിക അകലം പാലിക്കുന്നു, മാസ്ക് ധരിക്കുന്നു, കൈ കഴുകുന്നു, കൈ സാനിറ്റൈസർ പതിവായി ഉപയോഗിക്കുന്നു.

Also Read: രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

ഓഫീസിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പോലും ഞാൻ മാസ്ക് മാറ്റാറില്ല. ആളുകളോട് സംസാരിക്കുമ്പോൾ രണ്ട് മീറ്റർ ദൂരം നിലനിർത്താൻ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാലും നമുക്ക് അറിയില്ല, എവിടെ നിന്ന് വേണമെങ്കിലും വൈറസ് ബാധിച്ചേക്കാം.

മന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയോ?

ഇതുവരെ ഇല്ല, എനിക്ക് യാതൊരു രോഗലക്ഷണങ്ങളും ഇതുവരെ കാണിച്ചട്ടില്ല.

സ്വയം നിരീക്ഷണത്തിൽ പോകേണ്ടി വന്നിട്ടുണ്ടോ? ആ ദിവസങ്ങൾ എങ്ങനെയായിരുന്നു.

ഒരിക്കൽ, എന്റെ ഔദ്യോഗിക വസതിയിൽ നാല് ദിവസത്തേക്ക് എനിക്ക് സ്വയം നിരീക്ഷണത്തിൽ പോകേണ്ടി വന്നു. ഒരു ചടങ്ങിനിടെ ഞങ്ങൾക്ക് ചായ നൽകിയ വ്യക്തി കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടു. ഞാൻ വീട്ടിൽ നിന്ന് ജോലി ചെയ്യുകയും ഓൺലൈനിൽ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്റെ പ്ലേറ്റുകളും ഗ്ലാസുകളും സ്വയം കഴുകി. പിന്നീട്, കോവിഡ് സംശയിക്കപ്പെടുന്നയാളുടെ പരിശോധന ഫലം നെഗറ്റീവായതോടെ ഞാൻ ഓഫീസിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Also Read: സമ്പർക്ക ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മൂന്ന് ജില്ലകളിൽ ഇരുന്നൂറിലധികം

ഏത് തരം കയ്യുറകളും മാസ്കുമാണ് ഉപയോഗിക്കുന്നു?

ഞാൻ കയ്യുറകൾ ധരിക്കില്ല, സാനിറ്റൈസർ ഉപയോഗിക്കാനാണ് താൽപര്യപ്പെടുന്നത്. വീട്ടിലും ഓഫീസിലും ഞാൻ മൂന്ന് ലേയേർഡ് തുണി മാസ്ക്കാണ് ഉപയോഗിക്കുന്നത്. ആശുപത്രികളോ കണ്ടെയ്നർ സോണുകളോ സന്ദർശിക്കുമ്പോൾ, ഞാൻ N95 മാസ്ക്കും ധരിക്കും.

ജോലിസ്ഥലത്തുള്ള ആളുകളുമായി സംവദിക്കുമ്പോൾ, എന്ത് മുൻകരുതലുകൾ എടുക്കുന്നത്?

എനിക്ക് ഓഫീസിൽ 25 സ്റ്റാഫ് അംഗങ്ങളുണ്ടായിരുന്നു, പക്ഷേ മഹമാരി ബാധിച്ചതിനുശേഷം, അതിൽ പകുതി ആളുകൾ മാത്രമേ വരുന്നുള്ളൂ. എല്ലാ ദിവസവും ഓഫീസ് അണുവിമുക്തമാക്കും. ആരോഗ്യ സെക്രട്ടറിയുമായും ഹെൽത്ത് ഡയറക്ടറുമായും വ്യക്തിപരമായി ദിവസേന മീറ്റിങ്ങുകൾ നടത്തുമ്പോൾ, ഞാൻ സാമൂഹിക അകലം പാലിക്കുന്നു. ജില്ലാ അധികാരികളുമായുള്ള കൂടിക്കാഴ്ച രാത്രി 7 മണിക്ക് ശേഷം ഓൺലൈനിലാണ് നടത്തുന്നത്, രാത്രി 10 വരെ അത് ചിലപ്പോൾ തുടരാറുണ്ട്.

കുടുംബത്തെ കണ്ടിട്ട് എത്ര നാളായി?

നേരത്തെ, എല്ലാ വെള്ളിയാഴ്ചയും ഞാൻ വീട്ടിൽ (കണ്ണൂരിലേക്ക്) പോയി ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തേക്ക് മടങ്ങുമായിരുന്നു. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിന് ശേഷം, ഞാൻ എന്റെ കുടുംബത്തെ ഒരു തവണ മാത്രമേ സന്ദർശിച്ചിട്ടുള്ളൂ, അതും രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം. ഇപ്പോൾ, അവരെ സന്ദർശിച്ചിട്ട് രണ്ട് മാസത്തിലേറെയായി.

യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും പ്രത്യേക മുൻകരുതലുകൾ?

ഞാൻ ട്രെയിനുകളും ഫ്ലൈറ്റുകളും ഒഴിവാക്കുകയും എന്റെ ഔദ്യോഗിക കാർ യാത്രയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. എനിക്ക് അസുഖം വരുന്നത് താങ്ങാനാവില്ല. കാറിൽ തന്നെയാണ് സുരക്ഷിതത്വം തോന്നാറുള്ളത്.

സ്‌ക്രീനിന് മുന്നിൽ നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നു?

അത് ഇപ്പോൾ എനിക്ക് ഒരു വലിയ പ്രശ്നമാണ്. ഓൺലൈൻ കോൺഫറൻസുകൾ, പത്രസമ്മേളനങ്ങൾ, മീറ്റിങ്ങുകൾ എന്നിവയ്ക്കെല്ലാമായി ഞാൻ ദിവസവും സ്‌ക്രീനിന് മുന്നിൽ ശരാശരി അഞ്ച് മണിക്കൂർ ചെലവഴിക്കുന്നു. ചില ദിവസങ്ങളിൽ എന്റെ കണ്ണുകൾ വേദനിക്കും. ഞാൻ ഒരു ഡോക്ടറെ കണ്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.