തിരുവനന്തപുരം: ബിഗ് ബോസിൽ നിന്നു പുറത്തായ രജിത് കുമാറിനു നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. കൊറോണയ്‌ക്കെതിരെ സംസ്ഥാനം ശക്തമായ നടപടി സ്വീകരിക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കെെരളി ടിവിയിലെ അഭിമുഖത്തിലാണ് മന്ത്രി വിമർശനമുന്നയിച്ചത്.

“വളരെ അപകടകരമായ കാര്യമാണ് ചെയ്‌തത്. ഇത്ര ലാഘവത്തോടുകൂടിയാണോ കേരളീയ സമൂഹം കാര്യങ്ങളെ കാണുന്നത്. ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത് ജയിക്കുകയോ തോൽക്കുകയോ ചെയ്‌ത ഒരാൾക്ക് ഇത്രയും വലിയ സ്വീകരണം നൽകുന്നത് എന്തിനാണെന്ന് അറിയില്ല. നമ്മുടെ നാടിനു എന്തെങ്കിലും അഭിമാനകരമായ കാര്യങ്ങൾ ചെയ്‌തു വരുന്ന ആളാണെങ്കിൽ ഇങ്ങനെയൊരു സ്വീകരണത്തിൽ അർത്ഥമുണ്ട്. എന്റർടെയ്‌ൻമെന്റ് എന്ന നിലയിൽ പ്രോഗ്രാമുകളൊക്കെ നടത്താം. എന്റർടെയ്‌ൻമെന്റിനു അപ്പുറത്തേക്ക് അത് എന്ത് മെസേജാണ് സമൂഹത്തിനു നൽകുന്നത്. ഒരു മെസേജും നൽകുന്നില്ല. അങ്ങനെയൊരു ഷോയിൽ പങ്കെടുത്ത് തോൽക്കുകയോ ജയിക്കുകയോ ചെയ്യുന്ന ഒരാൾക്ക് ഒരു എന്റർടെയ്‌ൻമെന്റിനു അപ്പുറത്തേക്ക് സമൂഹത്തിൽ എന്തെങ്കിലും ഇടപെടാനുള്ള കഴിവുണ്ടോ? എന്താണ് അയാളുടെ പേര്? രജിത്തോ? ഞാനീ പരിപാടി കാണാത്തതുകൊണ്ട് എനിക്ക് പേരൊന്നും അറിയില്ല. വിമാനത്താവളത്തിൽ നൽകിയ സ്വീകരണം വളരെ ഗുരുതരമായുള്ള തെറ്റാണ്. വളരെ കർശനമായുള്ള കുറ്റകൃത്യമാണ്. അതൊന്നും ഇനി ആവർത്തിക്കാൻ പാടില്ല.” കെ.കെ.ശെെലജ പറഞ്ഞു.

കൊറാണയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ജാഗ്രതാനിർദേശങ്ങൾ മറികടന്ന സംഭവത്തിൽ രജിത് കുമാറിനെ ഇന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് പൊലീസ് രജിത് കുമാറിനെ പിടികൂടിയത്. രജിത് കുമാറിനു സ്വീകരണം നൽകാൻ, വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സംഭവത്തിൽ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ജില്ലക്കാരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

Read Also: സിംപ്ലിസിറ്റി, അതാണെന്റെ മെയിൻ; സ്വയം ട്രോളി അശ്വതി ശ്രീകാന്ത്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാൻ നൂറോളം പേരാണ് എയർപോർട്ടിൽ എത്തിയത്. സന്ദർശകവിലക്ക് ഉള്ള എയർപോർട്ടിൽ നിയമം തെറ്റിച്ചുകൊണ്ട് രജിത്തിന്റെ ആരാധകർ നടത്തിയ സ്വീകരണപരിപാടി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

വിമാനത്താവളത്തില്‍ എത്തുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണ് ഈ സംഭവത്തിൽ രജിത് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിരുന്നു. ഇത് മറികടന്നാണ് ആരാധകര്‍ രജിതിന്‌ സ്വീകരണം ഒരുക്കിയത്.

സംഭവത്തിൽ കടുത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നു.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ എത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നെടുമ്പാശ്ശേരി പൊലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.