തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം തന്നെ വേദനിപ്പിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. മാറിനിന്ന് കമന്റ് പറയാൻ എളുപ്പമാണെന്നും പറയുന്നവർ പറയട്ടെ എന്നും മന്ത്രി പറഞ്ഞു.

“ഇങ്ങനെ ആത്മാർഥമായി പാടുപ്പെട്ട് നമുക്ക് പരിചയമില്ലാത്ത ഒരു ശത്രുവിനോട് പോരാട്ടം നടത്തി ഓരോ മനുഷ്യരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അതിനു സഹായിച്ചില്ലേല്ലും അതിനെ പരിഹസിക്കുകയും, ചെയ്യുന്നതെല്ലാം മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മനുഷ്യരായാൽ സ്വാഭാവികമായും വിഷമമുണ്ടാകില്ലേ. ആ വിഷമം എനിക്കുമുണ്ട്. മാറിനിന്ന് ഇത്തരം കമന്റുകൾ പറയാൻ വളരെ എളുപ്പമാണ്. അത് പറയുന്നവർ അത് പറയട്ടെ,” മനോരമ ന്യൂസിലെ ‘നേരെ ചൊവ്വേ’ പരിപാടിയിൽ മന്ത്രി പറഞ്ഞു.

മുല്ലപ്പള്ളിയോട് ക്ഷമിക്കുമോ എന്ന ചോദ്യത്തിനു ശെെലജ ടീച്ചർ നൽകിയ മറുപടി ഇങ്ങനെ: “ഞാൻ ആര് മുല്ലപ്പള്ളിയോട് ക്ഷമിക്കാൻ ! അദ്ദേഹം എന്നേക്കാൾ മുൻപൊക്കെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ഒരു നേതാവാണെന്നാണ് ഞാൻ കരുതുന്നത്. ‘ഞാൻ അത് കേട്ടിട്ടില്ല, അത് കണ്ടിട്ടില്ല’ അങ്ങനെ ചിന്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ എന്റെ ജോലിയും ചെയ്‌ത് മുന്നോട്ടുപോകുന്നു.”

Read Also: സംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണി, മലയോര മേഖലകളിൽ നിയന്ത്രണം

അതേസമയം, ആരോഗ്യമന്ത്രി കെ.കെ.ശെെലജക്കെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ പ്രസ്‌താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. “നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റ്? മാപ്പ് പറയില്ല,” മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

“നിപ പ്രതിരോധ വിജയത്തിനു പിന്നിൽ നഴ്‌സുമാരും ഡോക്‌ടർമാരുമാണ് പ്രവർത്തിച്ചത്. അവർക്ക് മാത്രമാണ് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ളത്. കോവിഡ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതി നൽകാൻ എംപിയെന്ന നിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. നിപാ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്, ആരെയും അധിക്ഷേപിക്കുന്ന സ്വഭാവക്കാരനല്ല, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിക്കുന്ന പാരമ്പര്യം ഇല്ല.” മുല്ലപ്പള്ളി പറഞ്ഞു.

പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് മുല്ലപ്പള്ളി നേരത്തെ ആരോപിച്ചത്. ആരോഗ്യമന്ത്രി പ്രതിരോധ​ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രധാന വിമർശനം. കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടക്ക് വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook